
പീരുമേട്: നൂറ് കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന കുട്ടിക്കാനം പൈൻ പാർക്ക് ടൂറിസ്റ്റ് കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങൾ നടക്കവെ പാർക്കിൽ പ്രവേശനം നിരോധിച്ച് വനംവകുപ്പ്..കോട്ടയം ഡിസ്റ്റിക് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ അനുമതിയില്ലാതെ പൈൻ കാട്ടിൽ പ്രവേശിച്ചാൽ 1961 ലെ വന നിയമപ്രകാരം ഒന്നു മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പ്രവേശിക്കുന്നവരുടെ പേരിൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പീരുമേട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാറിൽ പൈൻകാട് നവീകരണത്തിന്റെ ഭാഗമായി സമ്പൂർണ്ണ ലൈറ്റ് ഫിറ്റിംഗിനും, സഞ്ചാരികൾക്ക് ഇരിപ്പടങ്ങൾ സ്ഥാപിക്കുന്നതിനും, ചറ്റും ഇരുമ്പു വേലികൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. നൂറ് കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന കുട്ടിക്കാനം പൈൻ പാർക്ക് ടൂറിസ്റ്റ് കേന്ദ്രമായി നിലനിർത്താൻ വനം വകുപ്പ് തയ്യാറാകണമെന്നും വനം വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു പറഞ്ഞു. വാഴൂർ സോമൻ എം.എൽ.എ. മുൻകയ്യെടുത്ത് സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. പാർക്ക് നവീകരിക്കാനും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി പാർക്കിനുള്ളിൽ സമ്പൂർണ്ണ വൈദ്യുതീകരണം സഞ്ചാരികൾക്ക് ഇരിപ്പിടങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് തുക അനുവദിച്ചത്.ഇതിനിടെയാണ് പാർക്ക് കാണാനുള്ള അനുമതിപോലും ഇല്ലാതാക്കി വനംവകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ പദ്ധതിതന്നെ പാളുമോ എന്ന ആശങ്കയാണുള്ളത്.