തൊടുപുഴ: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാലാഹരണപ്പെട്ട പിടിവാശിയിൽ വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി പ്രദേശത്തിന്റെ വികസന പദ്ധതികൾ മിക്കതും സ്തംഭനത്തിൽ.ഗോത്ര വിഭാഗക്കാരാണ് പട്ടയക്കുടിയിലും സമീപ പ്രദേശങ്ങളിലും കൂടുതലായി വസിക്കുന്നത്.ഇവിടേക്കുള്ള റോഡ്, കുടിവെള്ളം,വൈദ്യുതി,ഭവനം,തൊഴിൽ,ശൗചാലയം എന്നിങ്ങനെ അടിസ്ഥാന പദ്ധതികളിൽ ചിലത് പൂർണ്ണമായും മറ്റ് ചിലത് ഭാഗികമായും വർഷങ്ങളായി സ്തംഭിച്ച അവസ്ഥയിലാണ്.ത്രിതല പഞ്ചായത്ത്‌,സർക്കാർ,മറ്റ് വികസന ഏജൻസികളുടെ വികസന പദ്ധതികൾ ഒന്നും ഇവിടെ നടപ്പിലാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിൽ സാധിക്കുന്നില്ല.ഇത്തരം നടപടികളിൽ പ്രതിഷേധിച്ച് ആരെങ്കിലും മുന്നോട്ട് വന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അവരെ കേസിൽ കുടുക്കുന്നതും പതിവാണ്.അടുത്തനാളില്‍ മീനുളിയാന്‍ പാറയിലേയ്ക്കുള്ള പ്രവേശനം വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു.ഇതിന് എതിരെ സമരം ചെയ്ത ഏരേയും കേസിൽ കുടുക്കിയാണ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്.നാട്ടിലെ വികസനം തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്യുന്നവരുടെ നിശബ്ദരക്കാൻ വനം വികസന സമിതി എന്ന ആയുധം ഉപയോഗിച്ചാണ് വനം വകുപ്പ് അധികൃതർ തന്ത്രം മെനയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.കോളനികൾ കേന്ദ്രീകരിച്ച് വനം വികസന സമിതികൾ രൂപീകരിച്ച് പേരിന് മാത്രം ഏതാനും ആളുകൾക്ക് ചെറിയ ജോലികൾ നൽകും.ഇതോടെ കോളനി പ്രദേശവാസികളിൽ ചിലരെങ്കിലും ഉദ്യോഗസ്ഥരുടെ പ്രവർത്തികളിൽ നിശബ്ദമാകും.മുടന്തൻ കാരണങ്ങൾ നിരത്തി ഗോത്ര വിഭാഗക്കാരുടെ ഉന്നമനത്തിന് തടസം നിൽക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾ അവസാനിപ്പിക്കാൻ ഡീൻ കുര്യാക്കോസ് എം പി , പി ജെ ജോസഫ്എം എൽ എ എന്നിവർ അടിയന്തരമായി ഇടപെടൽ നടത്തണം എന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.