തൊടുപുഴ: ആനവണ്ടിയിൽ കയറി കുറഞ്ഞ ചെലവിൽ ഇനി സഞ്ചാരികൾക്ക് ഇടുക്കി അണക്കെട്ടിന്റെയും വാഗമണിന്റെയും സൗന്ദര്യം ആവോളം ആസ്വദിക്കാം. തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാണ് സൈറ്റ് സീയിങ് സർവീസ് ഒരുങ്ങുന്നത്. മൂന്നാർ ഡിപ്പോയിലടക്കം പദ്ധതി വിജയകരമായതോടെയാണ് തൊടുപുഴ ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിക്കുന്നത്. കുളമാവ്, ചെറുതോണി, ഇടുക്കി അണക്കെട്ടുകൾ കണ്ട് വാഗമൺ വഴി മടങ്ങുന്ന തരത്തിലാണ് സൈറ്റ് സീയിങ് സർവീസ്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഒരു ട്രിപ്പ് നടത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി ടൂറിസം സെല്ലുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. രാവിലെ എട്ടിന് ആരംഭിച്ച് രാത്രി എട്ട് മണിയോടെ തിരികെ എത്തുന്ന രീതിയിലാകും സമയക്രമം. തൊടുപുഴയിൽ നിന്ന് കുളമാവ്, ചെറുതോണി, ഇടുക്കി വഴി വാഗമൺ കണ്ട് തിരിച്ചു വരികയാണ് ലക്ഷ്യം. ഇതിനിടക്കുള്ള ടൂറിസ്റ്റ് സ്ഥലങ്ങളും കാണാൻ സൗകര്യമുണ്ടാകും. ഓരോ പോയിന്റുകളിലും ഒരു മണിക്കൂർ വരെ ചെലവഴിക്കാൻ അവസരവുമുണ്ടാകും. ഇതിനിടയിൽ ചിത്രമെടുക്കാനും യാത്രികർക്ക് ഭക്ഷണം കഴിക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. പദ്ധതി വിജയകരമായാൽ ഇതിന് ശേഷം മൂന്നാറിലേക്ക് രണ്ടാം ഘട്ടത്തിൽ സർവീസ് നടത്താനാണ് തീരുമാനം.
മെച്ചം രണ്ട് വകുപ്പിനും
ജില്ലയ്ക്ക് പുറത്തുള്ള ഡിപ്പോകളിൽ നിന്ന് ഇപ്പോൾ ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സൈറ്റ് സീയിങ് സർവീസ് ആരംഭിച്ച സാഹചര്യത്തിലാണ് തൊടുപുഴ ഡിപ്പോയും സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്. ഇത് വിനോദ സഞ്ചാര മേഖലക്കും കെ.എസ്.ആർ.ടി.സിക്കും ഗുണം ചെയ്യുമെന്നാണ് അധികൃതർ കരുതുന്നത്. കഴിഞ്ഞ ദിവസം ചാലക്കുടി ഡിപ്പോയിൽ നിന്ന് തൊമ്മൻ കുത്തിലേക്ക് കെ.എസ്.ആർ.ടി.സി സൈറ്റ് സീയിങ് യാത്ര നടത്തിയിരുന്നു. 42 പേരാണ് സഞ്ചാരികളുണ്ടായിരുന്നത്. മൂന്നാർ, കുമളി എന്നീ ഡിപ്പോകളിൽ ഇപ്പോൾ സൈറ്റ് സീയിങ് സർവീസ് നടത്തുന്നുണ്ട്. കുമളിയിൽ നിന്ന് ഒരു സർവീസ് മാത്രമാണുള്ളത്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഒട്ടേറെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളെ കൂടി സർവീസിൽ ഉൾപ്പെടുത്തി സൈറ്റ് സീയിങ് സർവീസ് വിപുലപ്പെടുത്തണമെന്നാണ് ആവശ്യം.