കട്ടപ്പന: കൃഷിയ്ക്ക് ശല്യമായി മാറുന്ന കാട്ടുപന്നികളെ വകവരുത്തുന്നതിന്റെ പേരിൽ തോക്കുകൾക്ക് വ്യാപകമായി ലൈസൻസ് കൊടുക്കുന്നതും പരിശീലനം നൽകുന്നതും വിനാശകരമായിരിക്കുമെന്ന് ചെറുകിട കർഷക ഫെഡറേഷൻ. 25,​000 രൂപ നൽകിയാൽ വെടിവയ്പ്പ് പരിശീലനവും പരീക്ഷയും ഒമ്പത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ലൈസൻസ് കൊടുക്കാമെന്നുള്ള പൊതുഅറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നതാണ്. കർഷക താത്പര്യത്തിന്റെ പേരിൽ നടപ്പിലാക്കുന്ന നിയമം കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കും വഴിമരുന്ന് ഇടുന്നതാകരുതെന്നുള്ള ജനങ്ങളുടെ ഭീതിയ്ക്ക് പരിഹാരമുണ്ടാകണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. തോക്ക് പരിശീലന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി സ്റ്റീഫൻ ആഭ്യന്തര വകുപ്പിന് കത്ത് അയച്ചു.