ഇടുക്കി:അയ്യപ്പൻകോവിൽ പത്ത് ചെയിൻ പ്രദേശത്ത് റീസർവേ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആർ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ ആവശ്യപ്പെട്ടു.
വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേർ രജിസ്റ്ററിൽ ഇടുക്കി പദ്ധതി പ്രദേശമെന്ന് റിമാർക്‌സിൽ രേഖപ്പെടുത്തിയിരുന്നതിനാൽ മേഖലയിലെ പട്ടയ ഉടമകൾക്ക് കരം അടയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് നേരിട്ടിരുന്നു.പരാതി വ്യാപകമായതോടെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രത്യേക തണ്ടപ്പേർ ബുക്കിൽ ചേർത്ത് കരം സ്വീകരിക്കാൻ 2017 ഫെബ്രുവരി 19ന് ജില്ലാ കലക്ടർ ഉത്തരവായിരുന്നു.
ഇത്തരത്തിൽ കരം അടച്ച് വരുന്നവരുടെ ഭൂമി റീസർവേ നടത്തുന്നതിന് അപേക്ഷ സ്വീകരിക്കാൻ 2020 ഫെബ്രുവരി 15 ന് ജില്ലാ കലക്ടർ വീണ്ടും ഉത്തരവിറക്കിയിരുന്നു.
ഫോറം 8 ൽ അപേക്ഷ സ്വീകരിച്ച് സബ് ഡിവിഷൻ റിക്കാർഡുകൾ തയ്യാറാക്കാവുന്നതാണെന്നായിരുന്നു ഉത്തരവ്.
കാഞ്ചിയാർ, അയ്യപ്പൻകോവിൽ വില്ലേജുകളിലെ ആയിരത്തോളം കർഷകരാണ് റിസർവേയ്ക്കായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
പത്ത് ചെയിൻ പ്രദേശത്തെ റീസർ വേ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. തുടർ നടപടികൾക്കായി ജില്ലാ കലക്ടർക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി അജോ കുറ്റിക്കൻ പറഞ്ഞു.