ഇടവെട്ടി: ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ദുർഗാദേവീ ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന ഇടവെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പൊതു സ്ഥലങ്ങളിൽ വർദ്ധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധ ശല്യത്തിൽ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഭരണസമിതി പ്രതിഷേധിച്ചു. ക്ഷേത്ര ദർശനത്തിനെത്തുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ശല്യപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്യുന്ന സംഭവങ്ങൾ ചിറയുടെ പരിസരങ്ങളിൽ നടക്കുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. മദ്യവും കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഉപയോഗിച്ച് കൊണ്ട് സാമൂഹ്യ വിരുദ്ധർ നടത്തുന്ന അക്രമങ്ങൾ മൂലം ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്കും സരസ്വതി വിദ്യാഭവൻ, എസ്.എൻ.ഡി.പി യോഗം ശാഖാ മന്ദിരം, എൻ.എസ്.എസ് കരയോഗം, വില്ലേജ് ഓഫീസ്, ഗവ. ആയുർവേദ ആശുപത്രി, പ്രണവം ക്ലബ് എന്നീ പൊതു സ്ഥാപനങ്ങളിൽ എത്തുന്നവർക്കും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. സമീപവാസികൾക്ക് സ്വൈര്യ ജിവിതം തടസപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പൊലീസിന്റെയും എക്‌സൈസിന്റെയും പട്രോളിങ് ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ എക്‌സൈസ് മേധാവി എന്നിവർക്ക് നിവേദനം നൽകും. കൂടാതെ ഇടവെട്ടി ചിറയ്ക്ക് ചുറ്റും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച് കാടുകൾ വെട്ടി മാറ്റുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളാൻ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടാനും ക്ഷേത്ര ഭരണ സമിതി യോഗം തീരുമാനിച്ചു.