 
തൊടുപുഴ: ഇന്ത്യയിലെ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ഇന്ത്യൻ യൂത്ത് ഹോസ്റ്റൽസ് അസോസിയേഷനും പങ്കാളികളാകുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന കാർബൺ ലഘൂകരണപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. തൊമ്മൻകുത്ത് എക്കോ ടൂറിസം കേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി, ന്യൂമാൻ കോളേജ് നാഷണൽ സർവ്വീസ് സ്‌കീം, ഭൂമിത്രസേന ക്ലബ്ബ് എന്നിവ ചേർന്ന് വനം- വന്യജീവി വകുപ്പ് കോതമംഗലം ഡിവിഷന്റെയും ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പരിസ്ഥിതി വാരാചരണ പരിപാടിയുടെ ഭാഗമായി ഈ പരിപാടി സംഘടിപ്പിച്ചത്. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം.വി.ജി. കണ്ണൻ ഐ.എഫ്.എസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിബിൻ അഗസ്റ്റിൻ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ.കെ. റോയി, ന്യൂമാൻ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സിസ്റ്റർ നോയൽ റോസ്, ബെന്നി മാത്യു എന്നിവർ ആശംസകൾ നേർന്നു. കാർബൺ ലഘൂകരണം കർമ്മപരിപാടി- ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രാഹം ക്ലാസ് നയിച്ചു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് റെജി പി. തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് നടത്തിയ പരിസ്ഥിതി പഠനയാത്രയ്ക്ക് തൊമ്മൻകുത്ത് ഇക്കോ- ടൂറിസം കേന്ദ്രത്തിലെ സജി എം. ജോസഫ്, പി.എസ്. ശശികുമാർ, സുമോദ് നായർ, യൂത്ത്‌ഹോസ്റ്റൽസ് അസോസിയേഷൻ ഭാരവാഹികളായ സെറീന പി.എ., റോജൻ തോമസ്, ലിന്റോ അഗസ്റ്റിൻ, എം.ഐ. സുകുമാരൻ, സൈജു എം.ബി തുടങ്ങിയവർ നേതൃത്വം നൽകി.