കട്ടപ്പന: യാത്രയ്ക്കിടെ വനിതയ്ക്ക് നഷ്ടമായ പണം തിരികെ നൽകി ബസ് ജീവനക്കാർ. കട്ടപ്പന- ചങ്ങനാശ്ശേരി റൂട്ടിൽ ഓടുന്ന മൈ ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് ബസിന്റെ പ്ലാറ്റ്ഫോമിൽ വീണു കിടന്നിരുന്ന പണം അടങ്ങിയ പഴ്സ് ട്രാഫിക് പൊലീസ് എസ്.ഐ സുലേഖയ്ക്ക് ഏൽപ്പിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ പഴ്സ് പരിശോധിച്ചപ്പോഴാണ് ഉടമ ആനകുത്തി സ്വദേശിനി അംബികയാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഇവരെ ഫോണിൽ ബന്ധപ്പെടുകയും സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി പണം കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയി തിരികെ വരുന്ന വഴിയിലാണ് അംബികയുടെ കൈയിൽ നിന്ന് 9500 രൂപയും പഴ്സും നഷ്ടപ്പെട്ടത്. തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരികെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അംബിക പറഞ്ഞു.