ചെറുതോണി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം ബഫർ സോൺ വേണമെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം നൽകി ഇടുക്കി രൂപത. ജില്ലയിലെ ജനജീവിതത്തെ പൂർണ്ണമായി ബാധിക്കുന്ന സുപ്രീം കോടതി ഉത്തരവ് പിൻവലിക്കും വരെ സമരം ചെയ്യുമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പ്രഖ്യാപിച്ചു. കാഡ്ഗിൽ കസ്തൂരിരംഗൻ വിഷയത്തിൽ ഇടുക്കി രൂപതയുടെ പിന്തുണയോടെ നടന്ന ഐതിഹാസിക സമരങ്ങൾക്ക് ശേഷമാണ് ബഫർ സോൺ വിഷയത്തിലും രൂപത സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വനാതിർത്തിയോട് ചേർന്നുള്ള ഒരു കിലോമീറ്റർ ദൂരം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ ജനജീവിതത്തെ പൂർണമായി ബാധിക്കുമെന്നും കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഈ ഉത്തരവ് പിൻവലിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. കേരള കത്തോലിക്കാ കോൺഗ്രസ് 19-ാം വാർഷികവും ബഫർസോൺ ഉത്തരവിനെതിരെയുള്ള സമരപ്രഖ്യാപന കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കിലോമീറ്റർ സംരക്ഷിത മേഖല എന്ന് നിയമം നടപ്പാകുന്നതോടെ കേരളത്തിൽ ഏറ്റവുമധികം ജനജീവിതത്തെ ബാധിക്കുന്നത് ഇടുക്കി ജില്ലയിൽ ആണ്. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയത്തിനും ജാതിമത സംഘടനാ ചേരിതിരിവുകൾക്കും അതീതമായി ഇടുക്കിയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഉത്തരവ് പിൻവലിക്കും വരെ സമര രംഗത്ത് ഉറച്ചുനിൽക്കണമെന്നും മാർ ജോൺ നെല്ലിക്കുനേൽ ആവശ്യപ്പെട്ടു. ഇതേ വിഷയത്തിൽ കഴിഞ്ഞ ദിവസം എൽ.ഡി.എഫ് ഹർത്താൽ നടത്തിയിരുന്നു. ഇതിനുപുറമെ വരുന്ന 16ന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.