ഇടുക്കി: ഹൈദ്രാബാദിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡൽ നേടിയവരെ മരിയാപുരം ഗ്രാമപഞ്ചായത്തിന്റെയും ഇടുക്കി പൗരാവലിയുടെയും ന്യൂ സ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ളബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ആദരിക്കും. 80 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെൽ കരസ്ഥമാക്കിയ ഇടുക്കി മരിയാപുരം കുന്നനാൽ സിജോ സെബാസ്റ്റ്യനും 100 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ജേക്കബ്ബ് പിണക്കാട്ട്, 80 കിലോഗ്രാം വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടിയ ജിൻസി ജോസ്, യൂത്ത് സീനിയർ വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ ആൻസെലറ്റ്‌ ജോസ്, വെങ്കല മെഡൽ കരസ്ഥമാക്കിയ എൽദോസ് എന്നിവരെയാണ് ആദരിക്കുന്നത്. ഇന്ന് രാവിലെ 11.30ന് ഇടുക്കി സാംസ്‌കാരിക നിലയത്തിലാണ് സ്വീകരണം നൽകുന്നത്. മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് മെഡൽ ജേതാക്കളെ ആദരിക്കും. ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി സെന്റ് ജോർജ്ജ് പള്ളി വികാരി ഫാ. ജോസഫ് പൗവത്ത് ആമുഖ പ്രസംഗം നടത്തും. മരിയാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രജനി ടോമി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.ജി. സത്യൻ, ബ്ളോക്ക് മെമ്പർമാരായ ഡിറ്റാജ്‌ ജോസഫ്, ആലീസ് വർഗീസ്, റിന്റാമോൾ വർഗീസ്, എ.എസ്. മഹേന്ദ്രൻ ശാന്തി (എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ), സക്കീർ അസീസ് ഉസ്താദ് എന്നിവർ സംസാരിക്കും. ന്യൂസ്റ്റാർ ക്ളബ് പ്രസിഡന്റ് തങ്കച്ചൻ കുന്നനാൽ നന്ദിയും പറയുമെന്ന് മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അറിയിച്ചു.