തൊടുപുഴ: ഇടുക്കിയുടെ ടൂറിസം വികസനത്തിന് കേന്ദ്രത്തിന്റെ പച്ചകൊടി. ജില്ലയിലെ ടൂറിസം ഡെസ്റ്റിനേഷനുകളുടെ ഒരു ശൃംഖല സൃഷ്ടിക്കാൻ സ്വദേശി ദർശൻ സ്‌കീമിൽ ഉൾപ്പെടുത്തി സമർപ്പിച്ച പദ്ധതിക്ക് ഉടൻ അനുമതി നൽകുമെന്നാണ് കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡി ഡീൻ കുര്യാക്കോസ് എം.പിയുമായുള്ള ചർച്ചയിൽ അറിയിച്ചു. ഇടുക്കി ലേസർ പവിലിയൻ, നാടുകാണി സ്‌കൈ വാക്ക്, മലങ്കര ഡാം കൺവെൻഷൻ സെന്റർ, തൊടുപുഴ ടൗൺ സ്‌ക്വയർ മൂന്നാർ ഹൈഡൽ പാർക്ക്, എന്നീ സ്ഥലങ്ങളിൽ തീർത്ഥാടന ടൂറിസം,​ ഹെൽത്ത് ആന്റ് വെൽനസ് ടൂറിസം, ഇവന്റ് ടൂറിസം എന്നീ മേഖലകൾ ഉൾപ്പെടുത്തിയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ടൂറിസം ഭൂപടത്തിൽ ജില്ലയ്ക്ക് കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.ജെ ജോസഫ് എം.എൽ.എ മുൻകൈ എടുത്ത് സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരമാകുന്നത്. ഈ പ്രോജക്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രധാനമായും 5 പദ്ധതികളാണ്. തൊടുപുഴ നിയോജകമണ്ഡലത്തിലെ 3 പദ്ധതികളും,ഇടുക്കി നിയോജകമണ്ഡലത്തിലെ ഒരു പദ്ധതിയും, ദേവികുളം നിയോജകമണ്ഡലത്തിലെ ഒരു പദ്ധതിയും. ഇടുക്കി ജില്ലയുടെ ടൂറിസം രംഗത്ത് ഒരു കുതിച്ചു ചാട്ടം കൈവരിക്കാൻ ഉതകുന്ന ഒരു ബ്രഹത് പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 11 കിലോമീറ്റർ ദൂരത്തിൽ പരന്നു കിടക്കുന്ന മലങ്കര ഡാം റിസർവോയറിനെ ചുറ്റിപ്പറ്റി ട്രെക്കിങ്ങ് പാത, 8 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് ട്രാക്ക്, ജലാശയത്തിൽ കയാക്കിങ് ബോട്ടുകൾ സോളാർ ബോട്ട് എന്നിവയും പദ്ധതിയിലുണ്ട്. കൺവെൻഷൻ സെന്റർ, കുട്ടികൾക്കുള്ള വിപുലമായ പാർക്ക്, വൈകുന്നേരങ്ങളിൽ ലൈറ്റ് ഷോ തുടങ്ങിയവയും മലങ്കര ടൂറിസം പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതികൾ ഇവ

1. മലങ്കര ടൂറിസം പദ്ധതിയും കൺവെൻഷൻ സെന്ററും- 102 കോടി
2. തൊടുപുഴ പഴയ ബസ് സ്റ്റാൻഡ് വിനോദ കേന്ദ്രമാക്കുക,​ നഗരസഭാ പാർക്കുമായി ബന്ധിപ്പിച്ച് തൂക്കുപാലം- 5 കോടി
3. ഇടുക്കി ഡാമിനോട് അനുബന്ധിച്ച് ലേസർ പവലിയൻ- 29.3 കോടി
4. നാടുകാണി ആകാശ പാത (സ്‌കൈ വാക്ക്)-​ 30 കോടി
5. മൂന്നാർ ഹൈഡൽ പാർക്ക്- 14.7 കോടി