മുട്ടം: ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മലങ്കര ടൂറിസം ഹബ്ബിൽ എത്തിയ വിനോദ സഞ്ചാരികൾക്ക് മുട്ടം ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.കെ എസ് ആർ ടി സിയുടെ ചാലക്കുടി ഡിപ്പോയിൽ നിന്ന് ഇന്നലെ രാവിലെ 6.15 ന് ആരംഭിച്ച സർവീസ് 8.30 നാണ് മലങ്കര ഹബ്ബിൽ എത്തിയത്. മലങ്കര അണക്കെട്ട് പ്രദേശം, കുട്ടികളുടെ പാർക്ക്, ജല സമൃദ്ധമായ മനോഹര കാഴ്ച്ചകൾ എന്നിവയെല്ലാം ചുറ്റി നടന്ന് കണ്ട് രണ്ട് മണിക്കൂറുകൾക്ക് ശേഷം വിനോദ സംഘം വാഗമണ്ണിലേക്ക് തിരിച്ചു. സഞ്ചാരികൾക്കൊപ്പം എത്തിയ ബഡ്ജറ്റ് ടൂറിസം സെൽ തൃശൂർ ജില്ലാ കോർഡിനേറ്റർ ഡോമിനിക്ക് പെരേര കെ എസ് ആർ ടി സി ജീവനക്കാരായ എൻ .ആർ .രഞ്ജിത്ത്, പി ബി സുമേഷ് എന്നിവർക്ക് പൊന്നാട അണിയിച്ചും വിനോദ സഞ്ചാരികൾക്ക് മധുരം നൽകിയുമാണ് ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റി സ്വീകരണം നൽകിയത്. സൊസൈറ്റി പ്രവർത്തകരായ പി എസ് രാധാകൃഷ്ണൻ, ജോസഫ് പഴയിടം, ടോമി ജോർജ് മൂഴിക്കുഴിയിൽ,റെന്നി ആലുങ്കൽ,കെ എൻ ഗീതാകുമാരി,കെ കെ നാരായണൻ,ഷാജി എമ്പ്രയിൽ,ബെന്നി അപ്പോഴത്ത്, ഹൈദ്രു കൊരമ്പയിൽ എന്നിവർ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.