വണ്ണപ്പുറം: വൈകിട്ട് 5.25 ന് ശേഷം വണ്ണപ്പുറത്ത് നിന്ന് തൊടുപുഴ മേഖലയിലേക്ക് മിക്കവാറും ദിവസങ്ങളിൽ ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ കഷ്ടത്തിലാക്കുകയാണ്. ബസിനെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികൾ,ചെറുകിട കച്ചവടക്കാർ,സ്വകാര്യ മേഖലയിലെ സാധാരണക്കാരായ ജീവനക്കാർ എന്നിവരെയാണ് ഇത്‌ ഏറ്റവും കഷ്ടത്തിലാക്കുന്നത്.നിത്യവും അനേകം ആളുകൾ യാത്ര ചെയ്യുന്ന വണ്ണപ്പുറം - തൊമ്മൻകുത്ത് - മുളപ്പുറം - കരിമണ്ണൂർ റൂട്ടിൽ യാത്ര ചെയ്യുന്ന ആളുകൾ മിക്കവാറും ദിവസങ്ങളിൽ വൈകിട്ട് 5.15 ന് ശേഷം ബസ് കിട്ടാതെ റോഡരുകിൽ കാത്ത് നിൽക്കുന്നത് പതിവ് കാഴ്ച്ചകളാണ്.സ്വകാര്യ ബസുകളാണ് ഇതുവഴി പ്രധാനമായും സർവീസ് നടത്തുന്നത്.സ്വന്തമായി വാഹന സൗകര്യമുള്ളവർക്ക് മാത്രമേ വൈകിട്ട് 5.15 ന് ശേഷം ഈ റൂട്ടിൽ യാത്ര ചെയ്യാൻ കഴിയു എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.ജോലി കഴിഞ്ഞ് 5.15 ന് മുൻപ് മിക്കവർക്കും ബസ് സ്റ്റോപ്പിൽ കൃത്യമായി എത്താൻ കഴിയുന്നില്ല.ഇതേ തുടർന്ന് കൂലി പണിക്കാരും,മറ്റ് തൊഴിൽ സ്ഥാപനങ്ങളിലുള്ളവരും 4 മണിയോടെ പണികൾ അവസാനിപ്പിക്കുന്നത് പ്രദേശത്തെ നിത്യ സംഭവമാണെന്ന് ജനങ്ങൾ പറയുന്നു.ഇത് തൊഴിലാളികളും സ്ഥാപന ഉടമകളും തമ്മിൽ വാക്കേറ്റങ്ങൾക്കും കാരണമാവുകയാണ്.മുൻപ് 7.45 വരെ ഇത്‌ വഴി ബസ് സർവീസുകളുണ്ടായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇതെല്ലാം നിർത്തിയെങ്കിലും പിന്നീട് പുനസ്ഥാപിച്ചില്ല.പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടൽ നടത്തണം എന്നാണ് ജനങളുടെ ആവശ്യം.