തൊടുപുഴ: പഴയ കടമുറിയിൽ കൂട്ടിയിട്ട അരിച്ചാക്കുകൾ, മണ്ണെണ്ണ വീപ്പ, എങ്ങും അരിയുടെയും മണ്ണെണ്ണയുടെയും ഗന്ധം. നാട്ടിൻപുറത്തെ റേഷൻ കടകളെക്കുറിച്ച് ഓർക്കുമ്പോൾ പൊതുവേ ആളുകളുടെ മനസിലേക്കെത്തുന്ന രൂപമാണിത്. എന്നാൽ കാലത്തിനൊപ്പം ഇനി റേഷൻ കടകളും അടിമുടി മാറുകയാണ്. അരിയും ഗോതമ്പും മണ്ണെണ്ണയും മാത്രമല്ല ബാങ്കിങ് ഇടപാടും അക്ഷയ സേവനസൗകര്യവും ലഭ്യമാകുന്ന ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് റേഷൻ കടകൾ. ജില്ലയിൽ അഞ്ചിടങ്ങളിലാണ് റേഷൻ കടകൾ ഹൈടെക്കാകാൻ തയാറെടുക്കുന്നത്. ഇതിൽ ദേവികുളം താലൂക്കിൽ എ.ആർ.ഡി നമ്പർ- 72 എന്ന റേഷൻ കടയാകും ജില്ലയിൽ ആദ്യമായി ഹൈടെക്കാകുക. മിനി ബാങ്കിങ്, അക്ഷയ കേന്ദ്രം, മിനി ഗ്യാസ് ഏജൻസി, മിൽമ ബൂത്ത് എന്നീ സേവനങ്ങൾ കൂടി ലഭിക്കുന്ന തരത്തിലാകും റേഷൻ കടകളുടെ രൂപമാറ്റം. ബാങ്കുമായി ബന്ധിപ്പിച്ച സ്മാർട്ട് കാർഡ് വഴി സ്വന്തം അക്കൗണ്ടിൽ നിന്ന് കാർഡ് ഉടമകൾക്ക് എ.ടി.എം മാതൃകയിൽ പണം പിൻവലിക്കാനാകും. പരമാവധി 5000 രൂപയാണ് എടുക്കാനാകുക. ഇടപാട് പൂർത്തിയായാൽ റേഷൻ കടയിൽ നിന്ന് പണം കൈപറ്റാം. ജില്ലയെ സംബന്ധിച്ച് ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സബ്‌സിഡി നിരക്കിലുള്ള സാധനങ്ങൾ വാങ്ങാൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ട സാഹചര്യമുണ്ട്. അധിക സ്ഥലങ്ങളിലും ഒരു പഞ്ചായത്തിൽ ഒരു മാവേലി സ്റ്റോർ മാത്രമേ കാണൂ. ഹൈടെക്ക് റേഷൻ കടകളിലൂടെ സബ്‌സിഡിയടക്കമുള്ളവ കൂടി നൽകാനും ആലോചനയുണ്ട്. അഞ്ച് കിലോ വരെയുള്ള പാചകവാതകം ആവശ്യക്കാർക്ക് സ്റ്റോറിലെത്തി പണമടച്ച് വാങ്ങാനുള്ള സംവിധാനവും ഒരുക്കും. അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവയ്‌ക്കൊപ്പം വെളിച്ചെണ്ണ, പഞ്ചസാര, കടല, ചെറുപയർ, മുളക് തുടങ്ങി ഒരുവീട്ടിലേക്ക് ആവശ്യമായ ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളും റേഷൻ കടകളിലൂടെ വാങ്ങാനാകും. ഇത് വിദൂര ഗ്രാമീണ മേഖലയിലാകും സ്ഥാപിക്കുക. ബാങ്കുകൾ, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ എന്നിവ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ പദ്ധതി ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതാകും പദ്ധതി. ഘട്ടംഘട്ടമായി സർക്കാർ നിഷ്‌കർഷിച്ച ആവശ്യമായ സൗകര്യമുണ്ടെന്ന് പരിശോധനയിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടാൽ ആ ലൈസൻസികൾക്ക് കെ സ്റ്റോർ അനുവദിക്കും. എല്ലാ ജില്ലകളിലും കെ സ്റ്റോറുകൾ തുറക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലും പരീക്ഷണാർത്ഥം സ്ഥാപിക്കുന്നത്.
അക്ഷയ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുമ്പോൾ ഇവയിൽ പരിജ്ഞാനമുള്ള ജീവനക്കാരനെയും കടകളിൽ ആവശ്യമാണ്. എന്നാൽ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും വന്നിട്ടില്ലെന്ന് റേഷൻ വ്യാപാരികളുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
കെ സ്റ്റോറുകൾ ഇവിടെ
ദേവികുളം, തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പൻചോല