നെടുങ്കണ്ടം : ഭക്തജനങ്ങൾ നൽകുന്ന കാണിക്കയിൽ നിന്നു മിച്ചം പിടിക്കുന്ന പണം ഉപയോഗിച്ച് വാർദ്ധക്യകാല പെൻഷൻ നൽകുന്നൊരു ക്ഷേത്രവും ഭരണസമിതിയും . എസ്എൻഡിപി നെടുങ്കണ്ടം ശാഖായോഗത്തിന്റെ കീഴിലുള്ള നെടുങ്കണ്ടം ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രമാണ് മാതൃകയാകുന്നത്. കാണിക്കയിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം ശാഖായോഗത്തിലെ അംഗങ്ങൾക്കാണ് പെൻഷനായി നൽകുന്നത്. 70ന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ സഹായ വിതരണം. ശാഖായോഗം പ്രസിഡന്റ് പി.എൻ.ദിവാകരൻ, സെക്രട്ടറി ടി.ആർ.രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. മുൻപ് ശാഖായോഗത്തിലെ 56 പേർക്ക് വാർദ്ധക്യകാല പെൻഷൻ നൽകിയിരുന്നു. ഇപ്പോൾ 32 പേർക്ക് എല്ലാമാസവും കൃത്യമായി പണം നൽകുന്നുണ്ട്. പുതിയതായി പെൻഷൻ നൽകാനുള്ളവരുടെ വിവരം ശാഖായോഗം ക്രമീകരിച്ച് വരികയാണ്. 2014 മാർച്ച് 21 മുതലാണ് പെൻഷൻ വിതരണം ആരംഭിച്ചത്. കൊവിഡ് കാലത്ത് പെൻഷൻ വീടുകളിലെത്തിച്ചു നൽകി. 70 വയസ്സാകുന്നതോടെ മറ്റു ജോലികൾ ചെയ്യാൻ കഴിയാത്തതും വരുമാനം നിലയ്ക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് ഇത്തരമൊരു ആശയം നടപ്പിലാക്കിയത്. മരുന്നിനും മറ്റാവശ്യങ്ങൾക്കും ഈ പണം സഹായകരമെന്നാണ് പെൻഷൻ വാങ്ങുന്നവരും പറയുന്നു. കാണിക്ക കുറഞ്ഞാൽ ശാഖായോഗത്തിന്റെ ഫണ്ടിൽ നിന്നു പണംകണ്ടെത്തി ഒരു മാസം പോലും മുടങ്ങാത്ത വിധത്തിലാണ് പെൻഷൻ വിതരണം. ഇതിനെ പുറമേ കാണിക്കയിൽ നിന്നു ലഭിക്കുന്ന തുകയുടെ ഒരു ഭാഗം കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണത്തിനും ചെലവഴിച്ചിരുന്നു. കൊവിഡ് ബാധിതരായവർക്ക് 2000 രൂപ വീതവും ശാഖായോഗത്തിൽ നിന്നു നൽകി. സഹായം നൽകാനായി കണ്ടെത്തിയ പണത്തിന്റെ ഏറിയ പങ്കും ക്ഷേത്രം കാണിക്ക വരുമാനത്തിൽ നിന്നാണ്. കുമളി– മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലാണ് ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രം.