അടിമാലി : മാങ്കുളം പെരുമ്പൻ കുത്തിൽ നിരന്തരമായി കാട്ടാന ശല്യത്ത് തുടർന്ന് നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്ത വനപാലകരുടെ മനസാക്ഷി ഉണർത്താൻ വാഴ വെട്ടി കർഷകന്റെ പ്രതിഷേധം. കുലച്ചതുൾപ്പെടെ അൻപതോളം ഞാലി പ്പൂവൻ വാഴകളാണ് കൃഷിയിടത്തിൽ നിന്ന് വെട്ടിമാറ്റിയത്..
കുമ്പളവേലിൽ മനോജാണ് പുരയിടത്തിൽ നട്ടുവളർത്തിയ വാഴകൾ വെട്ടി പ്രതിഷേധിച്ചത്. കഴിഞ്ഞ ഒരു മാസമായി തുടർച്ചയായുള കാട്ടാന ശല്യമാണ് പെരുമ്പൻ കുത്തിൽ ഉണ്ടാകുന്നത്.
ഒട്ടേറെ കർഷകരുടെ കൃഷി ദേഹണ്ഡങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ നശിപ്പിച്ചത്. ആനകളെ തടയാൻ മേഖലയിൽ നിർമിച്ചിട്ടുള്ള ട്രഞ്ച് 100 മീറ്റർ കൂടി നീട്ടിയാൽ കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തുന്നത് ഒരു പരിധിവരെ തടയാനാകും.
എന്നാൽ വനം വകുപ്പും ജന പ്രതിനിധികളും ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥയാണ് ആനശല്യം വർദ്ധി​ക്കാൻ കാരണമത്രെ. കൃഷിയിടത്തിൽ എത്തുന്ന കാട്ടാനകൾക്ക് ഏറ്റവും പ്രീയം വാഴയാണ്. ഇക്കാരണത്താൽ ആണ് കൃഷിയിടത്തിലെ വാഴകൾ വെട്ടി അധി​കൃതരെ പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചതെന്ന് മനോജ് പറഞ്ഞു