തൊടുപുഴ:മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ദിനാചരണം സംഘടിപ്പിക്കും. തൊടുപുഴയിൽ നിന്നും ആരംഭിക്കുന്ന സന്ദേശയാത്ര ഇന്ന് രാവിലെ 9ന് മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. അടിമാലി, പാറത്തോട്, മുരിക്കാശ്ശേരി, ആനച്ചാൽ തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് മൂന്നാറിലെത്തുന്ന യാത്രയെ ജില്ലാ പഞ്ചായത്ത് മൂന്നാർ ഡിവിഷൻ അംഗം അഡ്വ.ഭവ്യ, പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ എന്നിവരുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ സ്വീകരിക്കും. സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. 15 ന് രാജകുമാരിയിൽ നിന്നും ആരംഭിക്കുന്ന സന്ദേശ യാത്ര നെടുങ്കണ്ടം, കുമളി, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ചെറുതോണിയിൽ അവസാനിക്കും. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യൻ എന്നിവരുടെ നേതൃത്വത്തിൽ ചെറുതോണിയിൽ ടൗണിൽ സന്ദേശയാത്രയെ സ്വീകരിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് സമാപന സന്ദേശം നൽകും. സന്ദേശ യാത്ര എത്തിച്ചേരുന്ന സ്ഥലങ്ങളിൽ വീഡിയോ പ്രദർശനം, തെരുവ് നാടകം, സെമിനാറുകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. യുവതലമുറയെ വയോജന സംരക്ഷണത്തിൽ ചുമതലാ ബോധം വളർത്തിയെടുക്കാനും, മുതിർന്ന പൗരർക്ക് അതിലൂടെ മെച്ചപ്പെട്ട ജീവിതവും, സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പുവരുത്തുവാനും സാമൂഹ്യ നീതി വകുപ്പ് ഈ ദിനാചരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നുണ്ട്‌