തൊടുപുഴ: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തതിനെ തുടർന്ന് പൊലീസ് രണ്ടുവട്ടം കണ്ണീർവാതകം പ്രയോഗിച്ചു. ഇന്നലെ രാവിലെ 11.50ന് തൊടുപുഴ രാജീവ് ഭവനിൽ നിന്ന് നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് ഗാന്ധി സ്‌ക്വയറിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് കോൺഗ്രസുകാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും കൊടി കെട്ടിയ പൈപ്പുകളും കമ്പുകളും പൊലീസിന് നേരെ എറിയുകയും ചെയ്തു. നേരിയ തോതിൽ കല്ലേറും ഉണ്ടായി. ബാരിക്കേഡിന് ഇടയിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ചവർക്ക് നേരേ പൊലീസ് ലാത്തി പ്രയോഗിച്ചു. ചില പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. തുടർന്ന് ഗാന്ധി സ്‌ക്വയറിൽ നടന്ന പ്രതിഷേധ പരിപാടി മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷനായിരുന്നു. പ്രതിഷേധ ധർണ്ണയ്ക്ക് ശേഷം കോൺഗ്രസ് പ്രവർത്തകർ വീണ്ടും ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. അപ്പോഴും കല്ലേറുണ്ടായി. തുടർന്നാണ് പൊലീസ് രണ്ടുവട്ടം കണ്ണീർവാതകം പ്രയോഗിച്ചത്. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. സമരത്തിൽ നേതാക്കളായ ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, എ.കെ. മണി, എം.എൻ. ഗോപി, എം.കെ. പുരുഷോത്തമൻ, സേനാപതി വേണു, എൻ.ഐ. ബെന്നി, സി.പി. കൃഷ്ണൻ, എം.ഡി. അർജുൻ, ഇന്ദു സുധാകരൻ, ജാഫർ ഖാൻ മുഹമ്മദ്, എ.എം. ദേവസ്യ, മനോജ് കോക്കാട്ട്, ടി.ജെ. പീറ്റർ, ഷിബിലി സാഹിബ്, ജോൺ നെടിയപാല, ജോസ് അഗസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു. ജോണി കുളമ്പള്ളി, ജി. മുനിയാണ്ടി, ജോസ് ഊരക്കാട്ടിൽ, മനോജ് മുരളി, ബെന്നി തുണ്ടത്തിൽ, ജോർജ് തോമസ്, എം.കെ. ഷാജഹാൻ, എം.എം. വറുഗീസ്, ഷാജി പൈനാടത്ത്, പി.എ. അബ്ദുൾ റഷീദ്, ആർ. ഗണേഷ്, കെ.ബി. ശെൽവം, അരുൺ പൊടിപാറ, പി.ആർ. അയ്യപ്പൻ, ബെന്നി പെരുവന്താനം, ജെയിസൺ കെ. ആന്റണി, പി.ആർ. സലിംകുമാർ, എൻ.കെ. ബിജു, കെ.എസ്. അരുൺ എന്നിവർ നേതൃത്വം നൽകി.
കറുപ്പണിഞ്ഞ് നേതാക്കൾ
മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ കറുപ്പ് നിറത്തിലുള്ള വസ്തുക്കൾക്കുള്ള വിലക്കിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ മാർച്ചിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവടക്കമുള്ളവർ കറുപ്പണിഞ്ഞാണ് എത്തിയത്. കൂടാതെ കറുത്ത ഹൈഡ്രജൻ ബലൂണുകളും മാസ്കുകളും പ്രവർത്തകർ വ്യാപകമായി ഉപയോഗിച്ചു. പ്രതിഷേധത്തിനിടെ പൊലീസിന്റെ കൈയിൽ നിന്ന് ലാത്തിയും ഷീൽഡും പിടിച്ചുവാങ്ങി കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കെട്ടി.
പിണറായിയെ ഭയത്തിന്റെ പ്രേതം പിടികൂടി: മാത്യു കുഴൽനാടൻ
മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയ്ക്ക് ശേഷം ഭയത്തിന്റെ പ്രേതം പിടികൂടിയിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. അതിന്റെ പേരിൽ കേരളത്തിൽ മുമ്പില്ലാത്ത വിധം ജനങ്ങളെ വേട്ടയാടുകയാണ്. ബി.ജെ.പിയും മുഖ്യമന്ത്രി പിണറായി വിജയനുമായുമായുള്ള അന്തർധാര സജീവമാണ്. അതുകൊണ്ടാണ് ആരോപണം ഉയർന്നപ്പോൾ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ധൈര്യപൂർവം കേന്ദ്രത്തിന് കത്തെഴുതിയത്. ഈ ആരോപണത്തിന്റെ പത്തിലൊന്ന് ഒരു കോൺഗ്രസ് നേതാവിനെതിരെയായിരുന്നെങ്കിൽ ഇ.ഡിയും മറ്റ് ഏജൻസികളും വേട്ടപ്പട്ടികളെ പോലെ പറന്നിറങ്ങിയേനെ. രാജ്യത്ത് എത്രയോ നേതാക്കളെയാണ് ഇ.ഡി വേട്ടയാടിയത്. എന്നാൽ, ബി.ജെ.പി നേതാക്കൾ കഴിഞ്ഞാൽ സൗജന്യം ലഭിച്ച ഏക നേതാവ് പിണറായിയാണെന്നും അദ്ദേഹം പറഞ്ഞു.