രാജാക്കാട് :സർക്കാർ സ്‌കൂൾ അദ്ധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പ് 8 എട്ട് വർഷമായി ശമ്പളം നൽകുന്നില്ലെന്ന് പരാതി.രണ്ട് മാസത്തിനകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ശമ്പളം നൽകുന്ന കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും സർക്കാരും പരസ്പരം പഴിചാരി നടപടി നീട്ടി കൊണ്ടുപോകുന്നതായി അദ്ധ്യാപികയായ ജയന്തി കുമാരി പറഞ്ഞു.
പൂപ്പാറ പഞ്ചായത്ത് എൽ.പി സ്‌കൂളിൽ 2012 ൽ പ്രീ പ്രൈമറി അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചതാണ് നെടുംങ്കണ്ടം മേലേവട്ടക്കാലായിൽ ജയന്തി കുമാരി. ജോലിയിൽ പ്രവേശിച്ച് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.ഇതേ തുടർന്നാണ് സമാന രീതിയിൽ ശമ്പളം ലഭിക്കാത്ത ജില്ലയിലെ സ്‌കൂൾ ജീവനക്കാരും ജയന്തിയും ഉൾപ്പെടെ കോടതിയെ സമീപിച്ചത്.2019 ൽ ഇവർക്ക് അനുകൂലമായി കോടതി വിധി വന്നു.2 മാസത്തിനുള്ളിൽ ശമ്പള കുടിശിക തീർത്ത് നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.എന്നാൽ ഉത്തരവ് ഇറങ്ങി 2 വർഷം കഴിഞ്ഞിട്ടും പൊതുവിദ്യാഭ്യാസ വകുപ്പോ സർക്കാരോ ശമ്പള ഉത്തരവ് നടപ്പിലാക്കി ശമ്പളം നൽകാൻ തയ്യാറാകുന്നില്ലെന്നാണ് ഇവർ പറയുന്നത്.. ഏഴ് ലക്ഷത്തി നാൽപ്പത്തയ്യായിരം രൂപ ശമ്പള കുടിശിക ജയന്തിയ്ക്ക് നൽകാനുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിധവയായ ജയന്തി വാടക വീട്ടിലാണ് താമസിച്ച് വരുന്നത്. സർക്കാരും വിദ്യാഭ്യാസ വകുപ്പും തന്നെ കബളിപ്പിക്കുകയാണെന്ന് ജയന്തി പറയുന്നു.പ്രശ്‌നത്തിൽ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ്‌സ് ഇടപ്പെട്ട് ഇവർക്കൊപ്പം രംഗത്തെത്തി.സർക്കാരും ബന്ധപ്പെട്ട അധികാരികളും ഇടപെട്ട് അടിയന്തിരമായി ലഭ്യമാകുന്നതിനുള്ള നടപടി എടുക്കണമെന്നതാണ് ജയന്തിയുടെ ആവശ്യം.