തൊടുപുഴ: സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനല്ല സ്വപ്‌ന സുരേഷ് അറസ്റ്റിലായതെന്ന് എം.എം. മണി എം.എൽ.എ പറഞ്ഞു. തൊടുപുഴയിലെ എച്ച്.ആർ.ഡി.എസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് സി.പി.എം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയോ അക്കാമ്മ ചെറിയാന്റെയോ സരോജിനി നായിഡുവിന്റെയോ കൂടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ജയിലിൽ കടന്നുവെന്ന മട്ടിലാണ് ഒരു സ്വർണ്ണക്കള്ലക്കടത്തുകാരിയുടെ വെളിപ്പെടുത്തൽ മാദ്ധ്യമങ്ങൾ ആഘോഷിക്കുന്നത്. അന്വേഷണസംഘം ഏറെ ചോദ്യം ചെയ്തിട്ടും മാസങ്ങളോളം ജയിലിൽ കിടന്നിട്ടും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്‌ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നില്ല. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പി.സി. ജോർജ്ജിന്റെയും വലയത്തിൽ അകപ്പെട്ട ശേഷമാണ് സ്വപ്ന പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്. ആർ.എസ്.എസിന്റെ സ്ഥാപനത്തിൽ ജോലിയിലിരുന്ന് ഗൂഢാലോചനയിലൂടെ പുതിയ കഥ മെനഞ്ഞതിന്റെ ലക്ഷ്യം വ്യക്തമാണ്. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ആജ്ഞാനവർത്തിയായി അവർ മാറി. പി.സി. ജോർജ്ജ് ഒരു വായില്ലാ കോടാലിയാണ്. ജോർജ്ജ് ജയിലിൽ ഗോതമ്പുണ്ടയുണ്ടത് വർഗീയത പ്രസംഗിച്ചതിനാണ്, അല്ലാതെ സ്വാതന്ത്ര്യസമരം നടത്തിയതിനല്ല. മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകാനുള്ള ബാദ്ധ്യത പൊലീസിനുണ്ട്. അതാണവർ നിർവഹിക്കുന്നത്. അല്ലാത്തപക്ഷം സംരക്ഷണം നൽകാൻ സി.പി.എമ്മിനറിയാം.പിണറായിയുടെ രോമത്തിൽ തൊടാൻ ധൈര്യമുള്ള ഒരുത്തനും

കേരളത്തിലില്ല. മുഖ്യന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്ന ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് മുൻമുഖ്യമന്ത്രിമാർ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാണ്. കനത്ത പൊലീസ് കാവലിലാണ് ഇവരെല്ലാം സംസ്ഥാനത്ത് സഞ്ചരിച്ചിരുന്നതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ എച്ച്.ആർ.ഡി.എസ് നടത്തുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുക, തട്ടിപ്പുകാർക്കും ക്രിമിനലുകൾക്കും താവളമൊരുക്കുന്ന എച്ച്.ആർ.ഡി.എസിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ അണിനിരന്നു. എച്ച്.ആർ.ഡി.എസ് ഓഫീസിന് ഏതാനും വാരയകലെ മാർച്ച് പൊലീസ് തടഞ്ഞു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ.ആർ. ഷാജി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി.ആർ. സാമൻ, വി.ബി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി, ഏരിയാ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.