mathew
മർദ്ദനമേറ്റ ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ

തൊടുപുഴ: ഡി.വൈ.എഫ്.ഐ പ്രധിഷേധ യോഗത്തിന് സമീപത്ത് കൂടി കാറിൽ പോയ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനുനേരേ ആക്രമണം. നെറ്റിയിലും തലയ്ക്കും മർദ്ദനമേറ്റസി. പി. മാത്യുവിനെ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ കാറിനും കേടുപാടുണ്ട്.തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കോൺഗ്രസ് നേതാക്കളെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ മുട്ടത്ത് നടന്ന യോഗത്തിൽ പങ്കെടുത്ത് തൊടുപുഴ രാജീവ് ഭവനിലേക്ക് വരികയായിരുന്നു അദ്ദേഹം. ഈ സമയം മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം നടക്കുകയായിരുന്നു. അവിടെയെത്തിപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഹനം തടഞ്ഞു മർദിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. കാറിന്റെ മുൻവശം, സൈഡ്, റിയർ വ്യൂ മിററുകൾ തുടങ്ങിയവയ്ക്ക് കേടുപാടുണ്ട്.തുടർന്ന് അവിടെ നിന്ന് വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു.എന്നാൽ ഡി.സി.സി പ്രസിഡന്റിന്റെ കാർ തങ്ങളുടെ പ്രകടനത്തിനിടയിലേക്ക് ഇടിച്ച് കയറ്റി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ പറയുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അജയ് ചെറിയാൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ശരത്ത്, ബ്ലോക്ക് കമ്മിറ്റി അംഗം ജെയിൻ കെ. രാജ് എന്നിവർക്ക് പരക്കേറ്റതായി നേതാക്കൾ പറഞ്ഞു.

സി. പി. മാത്യുവിനെ മർദ്ദിച്ച ഡി. വൈ. എഫ്. ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനത്തിന് ശേഷം രാത്രി വൈകിയും കോൺഗ്രസ് പ്രവർത്തകർ തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.