ഇനിയും അപ്രോച്ച് റോഡ് നിർമ്മിക്കാതെ മാരിയിൽക്കടവ് പാലം
തൊടുപുഴ: 6.48 കോടി രൂപ കൂടി ലഭിച്ചാൽ മാരിയിൽക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് യാഥാർത്ഥ്യമാകും. പാലം നിർമ്മിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡ് നിർമ്മിക്കാൻ സാധിച്ചിരുന്നില്ല. സർക്കാരും സ്ഥല ഉടമകളും തമ്മിൽ വിലയുടെ കാര്യത്തിൽ ധാരണയിൽ എത്താൻ കഴിയാതെ വന്നതിനാലാണ് സ്ഥലമേറ്റെടുപ്പ് വൈകിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തൊടുപുഴയിൽ എത്തിയപ്പോൾ പാലം സന്ദർശിക്കുകയും നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. അപ്രോച്ച് റോഡിന് 18 സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്റെ വില നിർണ്ണയം പൂർത്തിയാക്കി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും അന്തിമ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. 18 വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കാൻ 9.44 കോടി രൂപയാണ് വേണ്ടത്. ഇതിൽ ആദ്യ ഗഡുവായ 2.96 കോടി അനുവദിച്ചു കഴിഞ്ഞു. 6.48 കോടി രൂപ കൂടി ലഭിച്ചാൽ അപ്രോച്ച് റോഡിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാകും. മാരിയിൽ കടവിൽ നിന്ന് കാഞ്ഞിരമറ്റത്തേക്ക് എളുപ്പം എത്താൻ വഴിയൊരുക്കുന്ന പാലം കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.ജെ ജോസഫ് എം.എൽ.എയുടെ താത്പര്യപ്രകാരമാണ് നിർമിച്ചത്. അതേ സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ തന്നെ പാതി പൂർത്തീകരിച്ച് പാലത്തിന്റെ ഉദ്ഘാടനവും നടത്തി. സ്ഥലം വിട്ടുനൽകാൻ ഉടമകൾ തയ്യാറാണെങ്കിലും ആവശ്യപ്പെട്ട വില നൽകാൻ സർക്കാർ തയ്യാറാകാതെ വന്നതാണ് സ്ഥലമെടുപ്പ് നീളാൻ കാരണം. 2013 ൽ ആരംഭിച്ച പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നീണ്ടു പോയതിനെ തുടർന്ന് നാട്ടുകാർ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിരുന്നു. തുടർന്ന്, കളക്ടറുടെ നേതൃത്വത്തിൽ പി.ജെ. ജോസഫ് എം.എൽ.എയും സ്ഥല ഉടമകളും ചർച്ച നടത്തി. എന്നാൽ സ്ഥലത്തിന് സർക്കാർ നൽകുന്ന വിലയെ കുറിച്ചോ പണം എന്നു നൽകാൻ കഴിയുമെന്നതിനെക്കുറിച്ചോ ധാരണയായില്ല. അതോടെ അഞ്ചരക്കോടി മുടക്കി നിർമിച്ച പാലം അനാഥമായി.
ഒരു കിലോമീറ്ററിലേറെ ലാഭം
തൊടുപുഴയിൽ നിന്ന് കാഞ്ഞിരമറ്റത്തേക്ക് എത്തണമങ്കിൽ നിലവിൽ മൂപ്പിൽകടവ് പാലം കടന്ന് ഒന്നര കിലോമീറ്ററോളം സഞ്ചരിക്കണം. എന്നാൽ മാരിയിൽ കടവിലെ അപ്രോച്ച് റോഡ് പൂർത്തിയായാൽ അരക്കിലോ മീറ്ററിൽ താഴെ മതിയാകും. അപ്രോച്ച് റോഡ് കാഞ്ഞിരമറ്റം പഴയ റോഡിലേക്ക് എത്തുന്നതിനൊപ്പം ഇവിടെ നിന്ന് മുതലിയാർമഠം വഴി കാരിക്കോടിന് പുതിയ അപ്രോച്ച് റോഡ് നിർമിക്കാനുള്ള തീരുമാനവും ഏറെ ഗുണകരമാണ്.