തൊടുപുഴ: മലയോര, തീരദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനായി ആരംഭിച്ച ഏകാദ്ധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് യുവജനവേദി ആവശ്യപ്പെട്ടു.
1997 ൽ ഡിസ്ട്രിക്ട് പ്രൈമറി എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ആരംഭിച്ച ഏകാദ്ധ്യാപക വിദ്യാലയങ്ങളിലൂടെയാണ് തീരദേശ, മലയോര പ്രദേശത്തെ ഗോത്രവിഭാഗക്കാരായ വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞിരുന്നത്. സംസ്ഥാനത്താകെ 272 സ്‌കൂളുകളിലായി 7000 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇവരുടെ ഭാവിയാണ് സർക്കാർ നടപടിയിലൂടെ ഇരുളടഞ്ഞത്.
ഇടുക്കി ജില്ലയിൽ 64 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണ് പ്രവർത്തിച്ചിരുന്നത്. യാതൊരു ബദൽസംവിധാനങ്ങളും ഏർപ്പെടുത്താതെ അടച്ചുപൂട്ടിയ തോടെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിച്ചിരിക്കുകയാണ്. അടിയന്തിരമായി സർക്കാർ നടപടി പിൻവലിച്ച് ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സൗകര്യം പുനഃസ്ഥാപിക്കണമെന്ന് യുവജനവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സച്ചിൻ കെ. ടോമി .പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജോർജ് തണ്ടേൽ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രുതിൻ മുരളി, ജിത്ത് എം., അഞ്ജു ബേബി ജോൺ എന്നിവർ പങ്കെടുത്തു.