കട്ടപ്പന : മത്സരയോട്ടത്തിനിടെ ആഡംബര ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ സംഭവംത്തിൽ വാഹനമോടിച്ച യുവാവിന്റെയും മറ്റ് ബൈക്കുകളിൽ ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു.ഇടുക്കി എൻഫോഴ്സ്മെന്റ് ആർ ടി ഒ യുടേതാണ് നടപടി.ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലിക്കുളളിൽ പതിച്ച ഡ്യൂക്ക് ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ്,ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പൻകോവിൽ സ്വദേശി നിധിൻ ബിജു എന്നിവരുടെ ലൈസൻസാണ് താത്കാലികമായി റദ്ദാക്കിയത്.വിഷ്ണു പ്രസാദിന്റെ ലൈസൻസ് ആറു മാസത്തേക്കും മറ്റു രണ്ടു പേരുടേത് മൂന്നു മാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്. ഈ മാസം 3 ന് വൈകുന്നേരം വെള്ളയാംകുടിയിലാണ് സംഭവം നടന്നത്. മോട്ടോർ വാഹന വകുപ്പ് നടത്തിയഅന്വേഷണത്തിൽ

മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. മൂന്നു ബൈക്കുകളാണ് മത്സര ഓട്ടത്തിൽ പങ്കെടുത്തതെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് സ്ഥിരീകരിച്ചത്.തുടർന്ന് ഹിയറിംഗിന് ഹാജരാകാൻ മൂന്നു പേർക്കും നോട്ടീസ് നൽകി.പരസ്പരം അറിയില്ലെന്ന നിലപാടാണ് ഇവർ ആദ്യം സ്വീകരിച്ചത്.എന്നാൽ മൊബൈൽ ഫോൺ കോളുകൾ അടക്കം പരിശോധിച്ചപ്പോൾ ഇവർ സുഹൃത്തുക്കളാണെന്ന് കണ്ടെത്തി.തുടർന്ന് പൊലീസിന്റെ സഹായത്തോടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റു രണ്ടു ബൈക്കുകളും പിടിച്ചെടുത്തു.സംഭവ സ്ഥലം സന്ദർശിച്ച് അപകടം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഇടുക്കി എൻഫോഴ്സമെന്റ് ആർ ടി ഒ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചിരുന്നു.കേസിൽ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറും നിർദ്ദേശം നൽകി.അപകടരമായ രീതിയിൽ വാഹനം ഓടിക്കൽ,മത്സരയോട്ടം നടത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി.അപകടത്തിൽ 12,500 രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ഇബി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇതിൽ ഇലക്ട്രിസിറ്റി ആക്ട് അടക്കം ഉൾപ്പെടുത്തി വിഷ്ണു പ്രസാദിനെതിരെ പൊലീസും കേസെടുത്തിട്ടുണ്ട്.