തൊടുപുഴ: ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ സംഘർഷാവസ്ഥ തൊടുപുഴ നഗരത്തെ രണ്ടാം ദിനം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാക്കി. സംഘർഷത്തിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്ക്. തിങ്കളാഴ്ച രാത്രി 8.30ന് ഡി.വൈ.എഫ്.ഐ പ്രതിഷേധ യോഗത്തിന് സമീപത്ത് കൂടി കാറിൽ പോയ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനു നേരേ ആക്രമണമുണ്ടായത് മുതലാണ് നഗരം കലുഷിതമായത്. മുഖത്തും നെഞ്ചിലും പരിക്കേറ്റ സി.പി. മാത്യു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. സംഭവം പുറത്തറിഞ്ഞതോടെ വിവിധയിടങ്ങളിൽ നിന്നായി നിരവധി കോൺഗ്രസ് പ്രവർത്തകർ തൊടുപുഴയിലേക്കെത്തി. അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ രാത്രി ഒമ്പതരയോടെ തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ ഉപരോധം ആരംഭിച്ചു. പ്രകോപിതരായ പ്രവർത്തകർ സ്‌റ്റേഷന് മുന്നിലെ ട്രാഫിക് ഐലൻഡിൽ ഉണ്ടായിരുന്ന പൊലീസിന്റെ ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡുകൾ ബ്ലോക്ക് ചെയ്തു. ഇതേ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. രാത്രി 11ന് മാത്യു കുഴൽനാടൻ എം.എൽ.എ സ്ഥലത്തെത്തി. എം.എൽ.എ ഡിവൈ.എസ്.പിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുമായും എറണാകുളം റേഞ്ച് ഐ.ജിയുമായും ഫോണിൽ ബന്ധപ്പെട്ടു. അക്രമം നടത്തിയവർക്കെതിരെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നും അറസ്റ്റ് ചെയ്യാമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്ന് അർദ്ധരാത്രിയോടെ പ്രതിഷേധം അവസാനിപ്പിച്ച് പ്രവർത്തകർ മടങ്ങി. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാവിലെ 11.30 മുതൽ കോൺഗ്രസ് പ്രവർത്തകർ വീണ്ടും നഗരത്തിൽ പ്രതിഷേധം ആരംഭിച്ചത്.
രാജീവ് ഭവനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഷനിലേക്ക് കടക്കാതിരിക്കാനായി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. സ്റ്റേഷന് മുന്നിലായി വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അമ്പലം ബൈപ്പാസ് റോഡിലേക്ക് തിരിഞ്ഞ പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. ഇതോടെ പിന്നാലെ പാഞ്ഞെത്തിയ പൊലീസ് സംഘം ഇവരെ തടയാൻ ശ്രമിച്ചപ്പോഴാണ് ആദ്യഘട്ടം ലാത്തിച്ചാർജ്ജ് നടന്നത്. നിരവധി പ്രവർത്തകർക്ക് ലാത്തിയടിയേറ്റു. ഏതാനും നേരം പൊലീസുമായി ഉന്തും തള്ളും നടത്തിയ ശേഷം പ്രവർത്തകർ വീണ്ടും മുന്നോട്ട് പോയി. റോട്ടറി ജംഗ്ഷൻ ചുറ്റി പ്രസ് ക്ലബ്ബിന് സമീപമെത്തിയപ്പോൾ റോഡരികിൽ നിന്ന സി.പി.എമ്മിന്റെ കൊടിമരം കോൺഗ്രസ് പ്രവർത്തകർ പിഴുത് മാറ്റി. ഇത് കത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് രണ്ടാം ഘട്ടം ലാത്തിച്ചാർജ്ജുണ്ടായതും പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കറ്റതും. ഇവിടെ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബിലാൽ സമദിനെയും എബി മുണ്ടയ്ക്കലിനെയും പൊലീസ് ചേരി തിരിഞ്ഞ് ലാത്തി കൊണ്ട് അടിച്ചു. ബിലാൽ പൊലീസിനെ പ്രതിരോധിക്കുന്നതിനിടെ കൂട്ടമായെത്തിയ പൊലീസുകാരിലൊരാൾ ലാത്തികൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. ഇതിനിടെയാണ് കണ്ണ് തകർന്നത്. മുഖംപൊത്തി പിന്മാറാൻ ശ്രമിക്കുന്നതിനിടെ വീണ്ടും പൊലീസ് അടി തുടർന്നു. ഇതിനിടെയാണ് മറ്റ് നാല് പ്രവർത്തകരായ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടയ്ക്കൽ, ബ്ലോക്ക് സെക്രട്ടറി ഷാനു ഖാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷഫീഖ്, പ്രവർത്തകനായ അബ്ദുൾകരീം എന്നിവർക്ക് പരിക്കേറ്റത്. ഇവരുടെ തല പൊട്ടി രക്തമൊഴുകുന്ന നിലയിലായിരുന്നു. ഇതോടെ കൊടികെട്ടിയ പൈപ്പുകളും മറ്റുമായി പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരിലൊരാൾ പലക ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതോടെ പൊലീസ് ശക്തമായ ലാത്തിച്ചാർജ് തുടർന്നു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും വാഹനത്തിനുനേരെ പൊലീസ് ലാത്തി വീശീ. സംഘർഷം 20 മിനിറ്റോളം നീണ്ടു. മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരിടപെട്ട് മറ്റ് പൊലീസുകാരെയും നിയന്ത്രിച്ചതോടെയാണ് രംഗം ശാന്തമായത്. ലാത്തിച്ചാർജ്ജിനിടെ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ ഏതാനും മാദ്ധ്യമപ്രവർക്കർക്കും പരിക്കേറ്റു. സംഘർഷത്തിന് ശേഷം മാർച്ച് തുടർന്ന പ്രവർത്തകർ ഗാന്ധിസ്‌ക്വയറിന് സമീപം സംഘടിച്ച് രണ്ട് മണിക്കൂറോളം റോഡ് ഉപരോധിച്ചു. വൈകിട്ട് 4.30ന് തൊടുപുഴയിലെ ചാഴികാട്ട് ആശുപത്രിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ ഡി.സി.സി പ്രസിഡന്റിനെയും പൊലീസ് ലാത്തിചാർജിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെയും സന്ദർശിച്ചു.
അഞ്ച് ഡിവൈ.എഫ്.ഐക്കാർ അറസ്റ്റിൽ
ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന് മർദനമേറ്റ സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
എം.എസ്. ശരത്ത്, അജയ് ചെറിയാൻ, അനന്ദു മോൻ, ജെയിൻ. കെ. രാജ്, ശരത്ത് ബാബു എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി. മാത്യുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്ക് പുറമേ സംഭവുമായി ബന്ധപ്പെട്ട് 42 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
രണ്ട് ദിനങ്ങൾ, നാടകീയ സംഭവങ്ങൾ
 തിങ്കളാഴ്ച രാത്രി 8.30- ഡി.വൈ.എഫ്.ഐ പ്രതിഷേധ യോഗത്തിന് സമീപത്ത് കൂടി കാറിൽ പോയ ഡി.സി.സി പ്രസിഡന്റിന് നേരെ ആക്രമണം
 9.30- കോൺഗ്രസ് പ്രവർത്തകർ തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ ഉപരോധമാരംഭിച്ചു
 10- പൊലീസിന്റെ ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡുകൾ ബ്ലോക്ക് ചെയ്തു
 11- മാത്യു കുഴൽനാടൻ എം.എൽ.എ സ്ഥലത്തെത്തി പൊലീസുമായി ചർച്ച നടത്തി
 12- പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു
 ഇന്നലെ രാവിലെ 11.30- പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്
 11.45- പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ ആദ്യഘട്ടം ലാത്തിച്ചാർജ്ജ്
 12.15- മാർച്ച് തുടർന്ന് പ്രസ് ക്ലബ്ബിന് സമീപമെത്തിയപ്പോൾ സി.പി.എമ്മിന്റെ കൊടിമരം പ്രവർത്തകർ പിഴുതു. പൊലീസ് രണ്ടാം ഘട്ടം ലാത്തി വീശി. നിരവധി പേർക്ക് പരിക്ക്
 ഉച്ചയ്ക്ക് 1.00- മർദ്ദനത്തിൽ പ്രതിഷേധിച്ച് ഗാന്ധിസ്ക്വയറിൽ റോഡ് ഉപരോധിച്ചു
 വൈകിട്ട് 4.30- പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തൊടുപുഴയിലെത്തി
 5.00- അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു