നെടുങ്കണ്ടം : കുഞ്ഞൻകോളനി അങ്കണവാടി കെട്ടിടത്തിന്റെ സീലിങ് തകർന്നതിൽ അന്വേഷണം. നിർമാണത്തിലെ തകരാർ എന്നാണ് ആരോപണം ഉയരുന്നത്. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പഞ്ചായത്ത് ഏ.ഇ സ്ഥലത്ത് പരിശോധന നടത്തി. ഏ.ഇയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഒന്നര വർഷം മുൻപ് 14 ലക്ഷം രൂപ മുതൽ മുടക്കി നിർമിച്ച അങ്കണവാടി കെട്ടിടത്തിന്റെ സിലിങ്ങാണ് തകർന്നത്. തിങ്കളാഴ്ച രാവിലെ 11നാണ് അപകടമുണ്ടായത്. അങ്കണവാടി കെട്ടിടത്തിലെ കുട്ടികൾക്കായി തയ്യാറാക്കിയ കളിസ്ഥലത്തെ മുറിയുടെ സീലിങ്ങാണ് തകർന്നത്. സീലിങ് തകർന്ന സമയത്ത് 8 കുട്ടികൾ സമീപത്തെ മറ്റൊരു മുറിയിലുണ്ടായിരുന്നു. നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാർഡിലെ 45 നമ്പർ അങ്കണവാടിയാണ് കുഞ്ഞൻകോളനിയിലേത്. അങ്കണവാടിയിലെ അദ്ധ്യാപകരായ വി.അനിത, ഷൈല ശ്രീധരൻ എന്നിവരുടെ സമയോചിത ഇടപെടലിലാണ് അപകടം ഒഴിവായത്.സംഭവം നടക്കുന്ന സമയത്ത് ഷൈല ശ്രീധരൻ സീലിങ് തകർന്ന മുറിക്കുള്ളിൽ ഉണ്ടായിരുന്നു. മുറി വൃത്തിയാക്കിയ ശേഷം കുട്ടികളെ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. മുറിയുടെ മുകളിൽ നിന്നും ശബ്ദം കേട്ടത്. ശബ്ദം കേട്ടതോടെ പെട്ടെന്ന് പുറത്തേക്ക് എത്തി. കുട്ടികളെ സുരക്ഷിതമാക്കി. ശബ്ദം കേട്ട് കുട്ടികളും ഭയപ്പെട്ട് നിലവിളിച്ചു. അങ്കണവാടി അധികൃതർ നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിക്കും ഐസിഡിഎസിനും സീലിങ് തകർന്ന സംഭവത്തിൽ റിപോർട്ട് നൽകി. പാറത്തോട് വില്ലേജ് ഓഫിസർ ടി.എ.പ്രദീപ്, നെടുങ്കണ്ടം പൊലീസ് എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി സർക്കാരിന് റിപോർട്ട് നൽകി.