തൊടുപുഴ: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച യു.ഡി.എഫ് ഗുണ്ടായിസത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ പാർട്ടി ഘടകങ്ങളോട് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അഭ്യർത്ഥിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ മുഖ്യമന്ത്രിക്ക് നേരെ കൈയേറ്റം ശ്രമം ഉണ്ടാകുന്നത്. രണ്ട് ചെറുപ്പക്കാർ കാശു മുടക്കി ടിക്കറ്റെടുത്ത് കണ്ണൂരിൽ നിന്ന് തിരുവന്തപുരത്തേക്ക് യാത്ര പോയത് എന്തിനായിരുന്നുവെന്ന് യു.ഡി.എഫുകാർ ഇതുവരെ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വിമാനത്തിന്റെ സമയവും മറ്റ് കാര്യങ്ങളുമെല്ലാം വിശദമായി മനസിലാക്കിയതിന് ശേഷമാണ് അവർ ടിക്കറ്റെടുത്തതും യാത്ര ചെയ്തതും. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെ കൈയ്യേറ്റം ചെയ്യാനുള്ള ഉദ്ദേശത്തോടെയുള്ള യാത്രയാണെന്ന് വ്യക്തവുമാണ്. അതിനുശേഷം കേരളത്തിലെമ്പാടും യു.ഡി.എഫുകാർ അഴിഞ്ഞാടുകയാണ്. സ്വർണ്ണ കള്ളകടത്തുകേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നര വർഷക്കാലം അന്വേഷിച്ചിട്ട് ഒരു തരിമ്പ് തെളിവു പോലും മുഖ്യമന്ത്രിക്കെതിരെ കണ്ടെത്താനായിട്ടില്ല. അവർ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചിട്ടില്ല. യു.ഡി.എഫും ബി.ജെ.പിയും മുഖ്യമന്ത്രിയാണ് കള്ളക്കടത്തു കേസിലെ ഒന്നാം പ്രതിയെന്ന് വിളിച്ചു പറയുന്നു. ഇത്തരം കേസുകളിൽ പ്രതിയാരെന്ന് തീരുമാനിക്കാൻ ആരാണ് അധികാരം നൽകിയതെന്ന് അവർ വ്യക്തമാക്കണം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ തകർക്കാനുള്ള ഗൂഢ നീക്കങ്ങളിലാണ് കേരളത്തിലെ കോലീബി സഖ്യം. ഈ സർക്കാർ അഞ്ച് വർഷം കൂടി പൂർത്തിയാക്കിയാൽ യു.ഡി.എഫും ബി.ജെ.പിയും ചരിത്രത്തിലെ ചവിറ്റുകൊട്ടയിലേക്ക് മറയ്ക്കപ്പെടുമെന്ന് അവർക്ക് നല്ലതുപോലെ അറിയാം. പേയിളകിയ തെരുവ് നായ്ക്കളെപോലെ തെരുവുകളിൽ അഴിഞ്ഞാടുന്ന ഇത്തരക്കാർക്കെതിരെ ജനങ്ങൾ അണിനിരക്കുമെന്ന് അവർ മനസിലാക്കുന്നത് നല്ലതാണ്. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സമരങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ ജില്ലയിലെ പാർട്ടി ഘടകങ്ങളോട് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു.