തൊടുപുഴ: കൊവി‌ഡും വിവിധ നിർമ്മാണ പ്രവർത്തനങ്ങളുമായി അടച്ചിട്ടിരുന്ന നഗരസഭാ കുട്ടികളുടെ പാർക്ക് പുതു മോടിയിൽ ഇന്നു മുതൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും. പാർക്കിലെ കേടായ റൈഡുകളെല്ലാം പകരം പുതിയത് സ്ഥാപിച്ചിട്ടുണ്ട്. ചെറിയ കേടുപാടുകളുള്ളവ പൂർണ്ണമായും നവീകരിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. റൈഡുകളിൽ കുട്ടികൾ വന്ന് വീഴുന്ന ഇടങ്ങളിൽ പരിക്കേൽക്കാത്ത നൈസ് മണൽ എല്ലായിടത്തും കവറിംഗ് നടത്തിയിട്ടുണ്ട്. അടഞ്ഞിരുന്ന ഫൗണ്ടനുകൾ ക്ലീനിംഗ് നടത്തുകയും കുളത്തിൽ പുതിയ മത്സ്യങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്. പെയിന്റിംഗ്, പുല്ല് പിടിപ്പിക്കൽ,കല്ല് കെട്ട് എന്നീ പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെയും സിന്തറ്റിക്ക് ട്രാക്ക് നിർമ്മാണവും ഉടനടി പൂർത്തീകരിക്കും. പാർക്കിനകത്തെ കോഫീഹൗസ് ലേല നടപടികൾ ഉടനടി ആരംഭിക്കും. രാവിലെ 10ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് പാർക്ക് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്‌സൺ ജെസി ജോണി അദ്ധ്യക്ഷത വഹിക്കും.വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ദീപക്, എം.എ. കരീം, ഷീജ ഷാഹുൽ ഹമീദ്, ബിന്ദു പത്മകുമാർ, ടി.എസ്. രാജൻ, കൗൺസിലേഴ്‌സ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.