നെടുങ്കണ്ടം: സ്വപ്‌ന സുരേഷെന്ന വഴിതെറ്റിവന്ന മാലാഖയെ ഉപയോഗിച്ച് കേരളത്തിലെ മുഖ്യമന്ത്രിയെ ആക്രമിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ തോന്നിവാസത്തിന് അതേ നാണയത്തിൽ തരിച്ചടി നൽകുമെന്ന് എം.എം.മണി. വേണമെന്ന് വെച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ഈ പ്രതിഷേധങ്ങളെയെല്ലാം ഇല്ലാതാക്കാനുള്ള കെൽപ്പ് ഇന്ന് സി.പി.എമ്മിന് ഉണ്ട്. തങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിക്കരുത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ കൈയേറ്റശ്രമത്തിനെതിരെ സി.പി.എം.നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്‌നയെന്ന ഭൂലോക തട്ടിപ്പ് കാരിയുടെ വാക്കുംകേട്ടാണ് ഈ കോലാഹലമെല്ലാം കാട്ടികൂട്ടുന്നത്. നെഹ്‌റുവിന്റെയും ഗാന്ധിയുടെയും ഒപ്പം സ്വാതന്ത്ര സമരത്തിന് പോയതിനല്ല അവർ ജയിലിൽ കിടന്നത്. രാജ്യദ്രോഹിയായ അവരുടെ വാക്കുകൾ കേട്ട് പ്രക്ഷോഭത്തിനിറങ്ങുന്നത് നാണക്കേടാണ്. സ്വപ്‌നയെ കൊണ്ടു നടക്കുന്നവർക്ക് കാര്യം കാണും. എന്നാൽ ഞങ്ങൾ അത്തരക്കാരല്ല. കേരളത്തിലെ സ്ത്രീ സമൂഹത്തിന് അംഗീകരിക്കാവുന്ന ഒരു വ്യക്തിയാണോ സ്വപ്‌ന. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ജയിച്ചതിന്റെ അവേശമാണ് കോൺഗ്രസുകാർക്ക്. എന്നാൽ ഇത്രയും നാൾ ഭരിച്ചിട്ടും അവിടുത്തുകാർക്ക് ഇന്നും കിട്ടുന്നത് തീട്ടവെള്ളമാണ്. ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മവുമായി നാടുനീളെ നടന്ന് ഓട്ടുപിടിച്ച പാരമ്പര്യം കോൺഗ്രസ് ഇന്നും അവസാനിപ്പിച്ചിട്ടില്ലെന്നും മണി പറഞ്ഞു.