തൊടുപുഴ: വനാതിർത്തിയോടു ചേർന്നുള്ള സംരക്ഷിത ഭാഗം, ബഫർസോൺ ഒരു കിലോമീറ്റർ വേണമെന്ന തീരുമാനം കൈക്കൊണ്ടത് സംസ്ഥാന സർക്കാരാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച് മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തിന്റെ ഫലമായി 23- 09- 2019ൽ പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് മാത്യു പുറത്തുവിട്ടു. നമ്മുടെ നാടിന്റെ അവസ്ഥ മനസിലാക്കാതെ എടുത്ത ഈ തീരുമാനം ഉണ്ടെന്നിരിക്കേയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതി വിധിയെ പഴിചാരുന്നത്. സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. സംസ്ഥാന സർക്കാർ ഇക്കാര്യം ആദ്യമേ തീരുമാനിച്ചതാണ്. അതുതന്നെയാണ് സുപ്രീം കോടതിയും വിധിച്ചിരിക്കുന്നത്. പിന്നെ ആരെ പറ്റിക്കാനാണ് ഇവർ നാടു നീളെ നടന്ന് കള്ളം പ്രചരിപ്പിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വനാതിർത്തിയോട് ചേർന്ന് ഒരിഞ്ചു സ്ഥലം പോലും ഇക്കോ സെൻസീറ്റീവ് സോൺ അഥവാ ബഫർസോൺ ആക്കാനാവില്ലെന്ന് തീരുമാനിച്ച് പുറത്തിറക്കിയ കരട് വിജ്ഞാപനം കേന്ദ്രസർക്കാരിന് അയച്ചുകൊടുത്തു. ഈ നിലപാട് മാറ്റാൻ പോയതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം. എം.എം. മണിയടക്കമുള്ള മന്ത്രിമാർ ചേർന്നെടുത്ത തീരുമാനമാണിത്. അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി യാചിച്ച് നിൽക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയെപ്പോലുള്ള സംഘടനകൾ വ്യാജ പ്രചരണത്തിന് ചൂട്ട് പിടിച്ചും കൂട്ടുനിന്നും ജനങ്ങളെ വഞ്ചിക്കുകയാണ്. ഹൈറേഞ്ച് സംരക്ഷണ സമിതിയെപ്പോലുള്ളവരുടെ കാപട്യവും പൊള്ളത്തരവും ഇതോടെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. 2006ലെ സുപ്രീം കോടതി പ്രകാരം ദേശീയ പാർക്ക്, വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2011ൽ പുറത്തിറക്കി. ഇതു പ്രകാരം വനാതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ചില പ്രവർത്തനങ്ങൾക്ക് പരിധി വച്ചു. ഈ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കി അനുയോജ്യമായ നിയമങ്ങൾ രൂപപ്പെടുത്താൻ സംസ്ഥാന സർക്കാരിനാകും. എന്നാൽ, പരിസ്ഥിതി ലോല മേഖലയുടെ അന്തിമമായിട്ടുള്ള പദ്ധതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനു വിധേയമായിട്ടാവണം. എന്നാൽ, യു.ഡി.എഫിന്റെ കാലത്തെ സുവ്യക്തമായ നിലപാട് ബഫർസോൺ പാടില്ല എന്നുതന്നെയായിരുന്നു. എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം കേന്ദ്രസർക്കാരിന്റെ കത്ത് മാനിച്ച് ഇതേക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. അവരുടെ റിപ്പോർട്ട് പ്രകാരം സംരക്ഷിത പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങളുൾപ്പെടെ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് സോൺ ആയി തീരുമാനിച്ചുകൊണ്ട് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നെന്നും കുഴൽനാടൻ പറഞ്ഞു.