കട്ടപ്പന :പരാധീനതകൾക്ക് നടുവിൽ നിലനിൽക്കുമ്പോഴും എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ തിളക്കത്തിലാണ് ഉപ്പുതറ കണ്ണമ്പടി സർക്കാർ സ്കൂൾ.പരീക്ഷയെഴുതിയ 16 വിദ്യാർത്ഥികളും ഭേദപ്പെട്ട മാർക്ക് വാങ്ങിയാണ് വിജയിച്ചത്.11 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ് ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത്.ഇടുക്കിയിലെ ആദിവാസി മേഖലകളിൽ ഒന്നായ കണ്ണമ്പടിയിലെ ഈ സർക്കാർ സ്കൂൾ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലാണ്.എന്നാൽ സൗകര്യക്കുറവിന്റെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മങ്ങൽ ഏൽക്കാൻ അദ്ധ്യാപകർ തയ്യാറായിരുന്നില്ല.
2013 ൽഅഞ്ച് ശതമാനമായിരുന്നു സ്കൂളിന്റെ വിജയം. പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ അദ്ധ്യാപകരും കുട്ടികളും പൊരുതി വിജയം നൂറ് ശതമാനത്തിൽ എത്തിച്ചു.തുടർന്നുള്ള അഞ്ച് വർഷങ്ങളിലും പത്താം ക്ലാസ് പരീക്ഷയിൽ ഓരോ വിദ്യാർത്ഥി വീതം തോറ്റതിനാൽ വിജയ ശതമാനം 98 ശതമാനമായി കുറഞ്ഞു.ഈ വർഷം അദ്ധ്യാപകർക്കൊപ്പം കിഴുകാനം റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുടെ വിജയത്തിനായി കൈകോർത്തതും നൂറിൽ നൂറും നേടാൻ സഹായിച്ചു.