തൊടുപുഴ: ജില്ലയിൽ ഇത്തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് മിന്നും വിജയം. വിജയശതമാനം 99.17 ശതമാനമാണ്. കഴിഞ്ഞവർഷം 99.38 ശതമാനമായിരുന്നു. 119 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. എന്നാൽ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞവർഷം 2785 പേർ ഫുൾ എ പ്ലസിന് അർഹരായപ്പോൾ ഇത്തവണ ഇത് 752 ആണ്. 5878 ആൺകുട്ടികളും 5511 പെൺകുട്ടികളുമടക്കം 11389 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. ഇതിൽ 5816 ആൺകുട്ടികളും 5478 പെൺകുട്ടികളുമടക്കം 11294 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ 4882 വിദ്യാർത്ഥികളിൽ 4839 പേർ ഉപരിപഠനത്തിന് അർഹരായി- വിജയശതമാനം 99.12. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ 6507 വിദ്യാർത്ഥികളിൽ 6455 പേർ വിജയിച്ചു. 99.2 ശതമാനമാണ് വിജയം. തൊടുപുഴയിൽ 105 ആൺകുട്ടികളും 286 പെൺകുട്ടികളുമടക്കം 391 പേർക്കും കട്ടപ്പനയിൽ 93 ആൺകുട്ടികളും 168 പെൺകുട്ടികളുമടക്കം 361 പേർക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 99.35ഉം കട്ടപ്പനയിൽ 99.4ഉം ആയിരുന്നു വിജയ ശതമാനം.

നൂറുമേനി 123 സ്കൂളുകൾക്ക്

സർക്കാർ മേഖലയിലെ 54ഉം 59 എയ്ഡഡും പത്ത് അൺ എയ്ഡഡുമടക്കം ജില്ലയിലെ 123 സ്‌കൂളുകളാണ് കഴിഞ്ഞതവണ നൂറ് മേനി വിജയം നേടിയത്.

കൂടുതൽ പേർ പരീക്ഷയെഴുതിയത് കല്ലാർ സ്കൂൾ

ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സർക്കാർ സ്‌കൂൾ കല്ലാർ ജി.എച്ച്.എസാണ്- 378 പേർ. എയ്ഡഡിൽ കരിമണ്ണൂർ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസും (322) അൺ എയ്ഡഡിൽ കട്ടപ്പന ഒ.ഇ.എം.എസ്.എച്ചും (171), ഐ.എച്ച്.ആർ.ഡിയിൽ അടിമാലി ടി.എച്ച്.എസും (84) ആണ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്.