തൊടുപുഴ: ചൊവ്വാഴ്ച കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസിന്റെ ലാത്തിയടിയിൽ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന്റെ നിലയിൽ മാറ്റമില്ല. പരിക്കേറ്റ കണ്ണിൽ നാല് സ്റ്റിച്ചുകളാണുള്ലത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ കഴിയുന്ന ബിലാലിന്റെ കാഴ്ചശക്തി തിരിച്ചുകിട്ടുന്നത് സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. കണ്ണിലെ നീര് പൂർണമായും മാറിയാലേ തുടർ ചികിത്സകൾ സാധ്യമാകൂ. ഇതിനായി രണ്ട് മണിക്കൂർ ഇടവിട്ട് മരുന്ന് നൽകുന്നുണ്ട്. പരിക്കേറ്റ കണ്ണിന് നിലവിൽ കാഴ്ചയില്ലാത്ത അവസ്ഥയാണെന്ന് സഹോദരൻ അസ്ലം പറഞ്ഞു. ലാത്തിയടിയേറ്റ് പൊട്ടിയ തലയിൽ എട്ട് സ്റ്റിച്ചുകളുമുണ്ട്. അതേസമയം ബിലാലിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കംപ്ലയിന്റ്സ് അതോറിട്ടിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുന്ന കാര്യം പരിഗണനയിലാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞ‌ു.