കട്ടപ്പന : യു ഡി എഫ് ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പ്രധാന നഗരങ്ങളിലൊന്നായ കട്ടപ്പനയിൽ പൂർണ്ണം.കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. നിരത്തുകളിൽ ഏതാനും സ്വകാര്യ വാഹനങ്ങൾ ഓടിയതൊഴിച്ചാൽ പൊതു ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. വ്യാഴാഴ്ച്ച രാവിലെ മുതൽ തന്നെ സമരാനുകൂലികൾ നിരത്തുകളിൽ സജീവമായിരുന്നു.തുടർന്ന് പത്തുമണിയോടെ നേതാക്കൾ ഉൾപ്പടെയുള്ള യു ഡി എഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.ഇതിനിടെ തുറന്ന് പ്രവർത്തിച്ച ഭൂമി പതിവ് തഹസിൽദാറുടെ കാര്യാലയം,സബ് ട്രഷറി,സബ് റജിസ്ട്രാർ ഓഫീസ്,ഏതാനും സ്വകാര ധനകാര്യ സ്ഥാപനങ്ങൾ എന്നിവ അടപ്പിച്ചു.കട്ടപ്പനയിൽ നിന്ന് സർവീസ് നടത്തിയതും മറ്റ് ഡിപ്പോകളിൽ നിന്നുമെത്തിയ കെ എസ് ആർ ടി സി ബസുകളും ചില സ്വകാര്യ വാഹനങ്ങളും സമരാനുകൂലികൾ തടഞ്ഞിട്ടു.ഹർത്താൽ പശ്ചാത്തലത്തിൽ പൊലീസിന്റെ കനത്ത സുരക്ഷയിലായിരുന്നു നഗരം. ഗ്രാമീണ മേഖലകളായ ഉപ്പുതറ കാഞ്ചിയാർ, വണ്ടൻമേട്, അണക്കര എന്നിവിടങ്ങളിലും ഹർത്താൽ സമാധാനപരമായിരുന്നു.പലയിടത്തും രാവിലെ ഒരു മണിക്കൂറോളം സ്വകാര്യ വാഹനങ്ങൾ തടഞ്ഞതൊഴിച്ചാൽ മറ്റ് അനിഷ്ഠ സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.