കട്ടപ്പന :പീരുമേട് കട്ടപ്പന 110 കെ. വി ലൈൻ ഡബിൾ സർക്യൂട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കാഞ്ചിയാറ്റിലെ ജനങ്ങളുടെ ആശങ്കകൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നേരിട്ടെത്തി വിലയിരുത്തി.വൈദ്യുതി ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിലെ കർഷകർ ജില്ലാ ഭരണകൂടത്തിന് നൽകിയ പരാതിയെ തുടർന്ന് സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയപ്പോഴാണ് എ ഡി എം ഷൈജു പി ജേക്കബ് കർഷകരുടെ ആശങ്കകൾ മനസ്സിലാക്കിയത്.നേരിട്ട് കേട്ടറിഞ്ഞ എല്ലാ പരാതികളും അതേ ഗൗരവത്തിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ടായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് വൈദ്യുതിലൈൻ പോകാനായി നിശ്ചയിച്ച് അടയാളപ്പെടുത്തിയ ജനവാസ മേഖലകളും വനം വകുപ്പിന്റെ അധീനതയിലുള്ള തേക്ക് പ്ലാന്റേഷനും എ ഡി എം സന്ദർശിച്ചു.ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കി തേക്ക് പ്ലാന്റേഷനിലൂടെ വൈദ്യുതി ലൈൻ കടത്തിക്കൊണ്ടു പോകണമെന്ന നാട്ടുകാരുടെ ആവശ്യം മുൻനിർത്തിയാണ് അദ്ദേഹം പ്ലാന്റേഷനും സന്ദർശിച്ചത്.അതേ സമയം ജനങ്ങൾ കൂടുതലായി താമസിക്കുന്ന മേഖലയിലൂടെ ലൈൻകടന്നു പോകുന്നില്ലെന്നാണ് കെ എസ് ഇ ബി ട്രാൻസ്മിഷൻ വിഭാഗം അവകാശപ്പെടുന്നത്. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്,വില്ലേജ് ഓഫീസർ ജോർജുകുട്ടി,വാർഡ് അംഗങ്ങൾ, സാമുദായിക- മത നേതാക്കൾ, സമര സമിതി അംഗങ്ങൾ,കെ എസ് ഇ ബി ട്രാൻസ്മിഷൻ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു എ ഡി എം നാട്ടുകാരുടെ ആശങ്കകൾ വിലയിരുത്തിയത്.

• തേക്ക് പ്ലാന്റേഷനിലൂടെ ലൈൻ കൊണ്ടുപോകണം

ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കി തേക്ക് പ്ലാന്റേഷനിൽ ടവറുകൾ സ്ഥാപിച്ച് സർക്യൂട്ട് ലൈൻ വലിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.പെരിയാർ തീരത്ത് കൂടെ കൊച്ച് ഇടുക്കി -തട്ടാത്തിക്കുടി കല്യാണത്തണ്ട് നിർമ്മാലാസിറ്റി വഴി കട്ടപ്പന സബ് സ്റ്റേഷൻ അല്ലെങ്കിൽ അയ്യപ്പൻകോവിൽ തേക്ക് പ്ലാന്റേഷൻ, അഞ്ചുരുളി നിർമ്മലാസിറ്റി കട്ടപ്പന സബ് സ്റ്റേഷൻ എന്നീ റൂട്ടുകൾ വൈദ്യുതി ലൈൻ കടത്തിക്കൊണ്ട് പോകണമെന്നാണ് പ്രധാന ആവശ്യം.നിലവിലെ സർവ്വേ പ്രകാരം ഉപ്പുതറ മുതൽ കാഞ്ചിയാർ വരെയുള്ള 15 കിലോമീറ്റർ പരിധിക്കുള്ളിലെ ജനവാസ മേഖലയിലൂടെ 22 മീറ്റർ വീതിയിലാണ് ലൈൻ കടന്ന് പോകുന്നത്.

• പ്രസരണ ശേഷി വർദ്ധിപ്പിക്കൽ ലക്ഷ്യം

വിവാദങ്ങൾക്കും സമരങ്ങൾക്കുമിടയിൽ ലൈൻ കൊണ്ടു പോകാനായി സ്ഥാപിക്കുന്ന ടവറുകളുടെ സ്ഥാന നിർണ്ണയം പൂർത്തിയാക്കി പദ്ധതി രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നിരുന്നു.പീരുമേട് സബ് സ്റ്റേഷൻ മുതൽ കട്ടപ്പന വരെ 36 കിലോമീറ്റർ ദൈർഘ്യത്തിലാണ് വൈദ്യുത ലൈൻ ബന്ധിപ്പിക്കുന്നത്.ഇതിനായി 40.7 കോടി രൂപയാണ് ചിലവഴിക്കുവാൻ കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്.നിർമ്മലാസിറ്റിയിൽ സബ് സ്റ്റേഷൻ സ്ഥാപിച്ച് കട്ടപ്പന- പീരുമേട് സബ് സ്റ്റേഷനുകളുമായി കൂട്ടിയോചിപ്പിച്ചാണ് പദ്ധതി പൂർത്തിയാക്കുകയെന്നാണ് സൂചന.