തൃശൂർ: മുൻ സഹകരണ മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ പേരിലുള്ള ആദ്യ പുരസ്‌കാരം ഇടുക്കി മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും മുൻ എം.എൽ.എയുമായ ഇ.എം.അഗസ്തിക്ക് നൽകാൻ തീരുമാനിച്ചതായി ജില്ലാ സഹകരണ ജനാധിപത്യ വേദി ഭാരവാഹികൾ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മാനിക്കും. തീയതി നിശ്ചയിച്ചിട്ടില്ല. സഹകരണ ജനാധിപത്യ വേദി ചെയർമാൻ എം.കെ.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റുമാരായ ഒ.അബ്ദുൾ റഹിമാൻ കുട്ടി, മുൻ എം.എൽ.എമാരായ പി.എ.മാധവൻ, ടി.വി.ചന്ദ്രമോഹൻ, മിൽമ ഡയറക്ടർ ഭാസ്‌കരൻ ആദംകാവിൽ എന്നിവർ സംസാരിച്ചു.