തൊടുപുഴ: എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരെ നരേന്ദ്ര മോദി സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് കള്ളകേസ് എടുത്തതിൽ പ്രതിഷേധിച്ചു രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് ഇടുക്കിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അറിയിച്ചു. രാവിലെ 10.30ന് ചെറുതോണി പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരത്തിൽ ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും അണിനിരക്കും. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് എ.ഐ.സി.സി ആസ്ഥാനത്തിനുള്ളിൽ കയറി നേതാക്കളെയും ജനപ്രതിനിധികളെയും പൊലീസ് ആക്രമിച്ചത്. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരത്തിന് കോൺഗ്രസ് സജ്ജമാവുകയാണെന്നും മോദിയുടെയും ബി.ജെ.പിയുടെയും ഫാസിസ്റ്റ് ഭരണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ മുഴുവൻ ദേശസ്‌നേഹികളുടെയും സഹകരണം ഉണ്ടാവണമെന്നും ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അഭ്യർത്ഥിച്ചു.