തൊടുപുഴ: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ചും ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടും ജില്ലയിൽ ഇന്നലെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ നടന്ന ഹർത്താലിൽ ഒരിടത്തും അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. നിർബന്ധിച്ച് കടയടപ്പിക്കലോ, വാഹനങ്ങൾ തടയലോ ഇല്ലായിരുന്നെങ്കിലും പൊതുജനങ്ങൾ റോഡിൽ പൊതുവേ കുറവായിരുന്നു. തൊടുപുഴ ടൗണിൽ പൂർണമായും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഭാഗികമായി തുറന്നു. ഏതാനും സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി. സ്വകാര്യ ബസുകൾ ഓടിയില്ലെങ്കിലും കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾ സർവീസുകൾ നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് 35 സർവീസുകളാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. ആകെ 44 സർവീസുകളാണുള്ലത്. മൂലമറ്റം ഡിപ്പോയിൽ നിന്ന് ഒമ്പത് സർവീസുകളും നടത്തി. യാത്രക്കാർ തീരെ കുറവായിരുന്നു. സിവിൽ സ്റ്റേഷനിൽ ഹാജർനില കുറവായിരുന്നു. ഉച്ചയ്ക്ക് ശേഷം ഓട്ടോറിക്ഷകളടക്കം കൂടുതലായി നിരത്തിലിറങ്ങി. രാവിലെ തൊടുപുഴ നഗരത്തിൽ ഹർത്താലനുകൂലികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.