sbi

തൊടുപുഴ: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ 27 ന് അഖിലേന്ത്യാ തലത്തിൽ ബാങ്ക് ജീവനക്കാർ പണിമുടക്കും. പഞ്ചദിന ബാങ്കിംഗ് വാരം നടപ്പാക്കുക, പെൻഷൻ പരിഷ്‌ക്കരിക്കുക, പങ്കാളിത്ത പെൻഷൻ റദ്ദാക്കുക, സി. എസ്. ബി. ബാങ്കിലും, ഡി ബി എസ് ബാങ്കിലും നവംബർ 2017 മുതലുള്ള ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഉഭയകക്ഷി കരാറിലെ അവശേഷിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

പണിമുടക്കിന് മുന്നോടിയായി തൊടുപുഴ എസ്.ബി.ഐ. മെയിൻ ശാഖക്ക് മുമ്പിൽ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ ബി.ഇ.എഫ്.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ ബാബു എൻ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ജില്ലാ കൺവീനർ നഹാസ് പി. സലീം അദ്ധ്യക്ഷത വഹിച്ചു. എസ്. അനിൽകുമാർ (എൻ.സി.ബി.ഇ.), എസ്. ശ്രീജിത് (എ.ഐ.ബി.ഒ.സി.), എബിൻ ജോസ് (എ.ഐ.ബി.ഇ.എ) എന്നിവർ സംസാരിച്ചു.

20ന് സംസ്ഥാന തലസ്ഥാനങ്ങളിൽ ധർണ്ണയും, 22ന് ബാഡ്ജ് ധാരണവും, 24, 27 തീയതികളിൽ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലും പ്രകടനവും ധർണ്ണയും സംഘടിപ്പിക്കും.