ചക്കുപള്ളം :ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് വേണ്ടി ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷൻ പരിശീലന പരിപാടി നടത്തി. പരീശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമ്മിണി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷൻ. ഹരിതകേരളം മിഷനും ശുചിത്വ മിഷനും ചേർന്ന് കെൽട്രോണിന്റെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഖരമാലിന്യ സംസ്‌കരണ ന്യൂനതകൾ, പുരോഗതി എന്നിവ അറിയാനും പരാതി അറിയിക്കാനും ഹരിതമിത്രം ആപ്പിൽ സൗകര്യമുണ്ടാകും. തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിവരങ്ങൾ ആപ്പിൽ ലഭ്യമാകും.