ഇടുക്കി: ലൈഫ് മിഷൻ കരട് ഗുണഭോക്തൃ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെടാത്ത ഗുണഭോക്താക്കൾക്ക് അപ്പീൽ നൽകാം. ഒന്നാംഘട്ട അപ്പീൽ ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിൽ നഗരസഭ സെക്രട്ടറിക്കും ജൂൺ 17 വരെ ഓൺലൈനായി നൽകാം. അപ്പീലുകൾ ഓൺലൈനായി സമർപ്പിക്കുന്നതിനാവശ്യമായ ഹെൽപ്പ് ഡെസ്‌ക് ക്രമീകരണങ്ങൾ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അക്ഷയ കേന്ദ്രങ്ങളുടെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണെന്ന് ജില്ലാ ലൈഫ് മിഷൻ കോർഡിനേറ്റർ അറിയിച്ചു.