മൂന്നാർ: ദേവികുളം റേഞ്ചിൽ നായാട്ട് സംഘം നാല് മാസം പ്രായമുള്ള കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേവികുളം റേഞ്ചിലെ അരുവിക്കാട് സെക്ടറിൽ നെറ്റിക്കുടി ഭാഗത്താണ് കാട്ടുപോത്തിന്റെ തലയും കാലും മറ്റ് ശരീരഭാഗങ്ങളും ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഈ മാസം 12ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ദേവികുളം റേഞ്ച് ഓഫിസർ പി.എസ്. സജീവിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി മഹസർ തയ്യാറാക്കി. വെറ്ററിനറി ഡോക്ടർ പരിശോധന നടത്തിയശേഷം തൊണ്ടി മുതൽ ദേവികുളം കോടതിയിൽ ഹാജരാക്കി. നാല് മാസം പ്രായമുള്ള പെൺകാട്ടുപോത്താണ് ചത്തതെന്ന് വനപാലകർ അറിയിച്ചു. ഇറച്ചി മൂന്നാറിന് പുറത്തേക്ക് കടത്തിയതായാണ് സൂചന. ജനസഞ്ചാരമുള്ള സ്ഥലത്ത് വെച്ച് കാട്ടുപോത്തിനെ കൊന്ന് ഇറച്ചി എടുത്ത സംഭവം അന്വേഷണ ഉദ്യോഗസ്ഥരെയും വലയ്ക്കുന്നു.