നെടുങ്കണ്ടം : ഒരു ഇടവേളയ്ക്കു ശേഷം ഉടുമ്പൻചോല 40 ഏക്കർ, അരമനക്കാട് എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടം വീണ്ടും എത്തി. കഴിഞ്ഞ ദിവസങ്ങളിൽ വനംവകുപ്പ് റാപിഡ് റെസ്‌പോപോൺസ് ടീമിനെ എത്തിച്ച് കാട്ടാനക്കൂട്ടത്തെ അതിർത്തി വനമേഖലയിലേക്ക് തുരത്തിയെങ്കിലും ആനക്കൂട്ടം തിരികെ എത്തി. ഇതോടെ പ്രദേശവാസികൾ ഭീതിയിലായി. ഇതുവരെ 10 ഏക്കർ സ്ഥലവും, 2000 ഏലച്ചെടികളും, ജലവിതരണ പൈപ്പ് ലൈനും ആനക്കൂട്ടം തകർത്തു. ചതുരംഗപ്പാറ മാൻകുത്തിമെട്ട് മേഖലകളിലും കാട്ടാന ആക്രമണം രൂക്ഷമാണ്. മേഖലയിലെ മൂന്നര ഏക്കറോളം സ്ഥലത്തെ ഏലംകൃഷി നശിപ്പിച്ചു. തമിഴ്‌നാട് വനത്തിൽനിന്നെത്തിയ മൂന്ന് പിടിയാനകളും ഒരുകൊമ്പനും അടങ്ങുന്ന കാട്ടാനക്കൂട്ടമാണ് പ്രദേശത്ത് നാശം വിതച്ചത്. ചതുരംഗപ്പാറ, കേണൽ കാട്, മാൻകുത്തിമെട്ട്, വി.ടി.എസ്റ്റേറ്റ് എന്നിവിടങ്ങളിലെ കൃഷിയാണ് ആന നശിപ്പിച്ചത്. രാത്രിയിൽ ഏലത്തോട്ടങ്ങളിലേക്കെത്തി കൃഷി നശിപ്പിക്കുന്ന ആനക്കൂട്ടം നേരം പുലരുന്നതോടെ തമിഴ്‌നാട് വനത്തിലേക്ക് കടക്കും. കഴിഞ്ഞ വർഷവും ഈ പ്രദേശത്ത് കാട്ടാന ആക്രമണങ്ങൾ ഉണ്ടായിരുന്നു. വനംവകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമിനെയെത്തിച്ചാണ് കാട്ടാനകളെ തുരത്തിയത്. മഴക്കാലം ആരംഭിച്ചതോടെയാണ് കാട്ടാനകൾ തമിഴ്‌നാട് വനത്തിൽനിന്ന് കൃഷിയിടങ്ങളിലേക്ക് കടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്ത് തേവാരംമെട്ട് സെക്ഷൻ ഫോറസ്റ്റർ പി.എം.മണിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം പട്രോളിങ് നടത്തി. കാട്ടാന ആക്രമണം ചെറുക്കാൻ ഉടുമ്പൻചോലയിൽ സംരക്ഷണവേലികൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം.