jomon

ആലപ്പുഴ: വാഗമണ്ണിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഹൗസ്ബോട്ടിൽനിന്ന് കായലിൽ വീണുമരിച്ചു. കട്ടപ്പന കടമാക്കുഴി വള്ളക്കടവ് വളവനാട് വീട്ടിൽ ജോമോനാണ് (43) മരിച്ചത്. പുന്നമട ജെട്ടിക്ക് വടക്കു ഭാഗത്താണ് അപകടമുണ്ടായത്. വാഗമണ്ണിൽ 'വാഗാമിസ്റ്റ്" ഹോംസ്റ്റേ നടത്തുന്ന ജോമോനുൾപ്പടെ പത്തംഗ സംഘം ബുധനാഴ്ച രാത്രി 11നാണ് പുന്നമട സ്വദേശി രാജേഷിന്റെ ഹൗസ്ബോട്ടിൽ കയറിയത്. കായലിൽ നങ്കുരമിട്ട ബോട്ടിൽ രാത്രി ഒരു മണിവരെ ഇവർ സംസാരിച്ചിരിക്കുകയായിരുന്നു. തുടർന്ന് ജോമോൻ ഉറങ്ങാൻ മുകളിൽ നിന്ന് താഴത്തെ മുറിയിലേക്ക് പോയതായി കൂടെയുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞു.

ഇന്നലെ രാവിലെ എട്ടര കഴിഞ്ഞിട്ടും ജോമോനെ കാണാതിരുന്നതിനെത്തുടർന്ന് മുറിയിൽ അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ ഇയാളുടെ ചെരുപ്പും പഴ്‌സും മറ്റു സാധനങ്ങളും കണ്ടെത്തി.ജോമോൻ കിടന്ന മുറിയുടെ ജനൽ തുറന്ന നിലയിലായിരുന്നു. അഴികളില്ലാത്ത ഇതുവഴി വെള്ളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സിന്റെ മുങ്ങൽ വിദഗ്ദർ ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു . ഭാര്യ: സീന.