benny
കൊല്ലപ്പെട്ട ബെന്നി

മറയൂർ: കാന്തല്ലൂരിൽ ഭിന്നശേഷിക്കാരനായ തോട്ടം സൂപ്പർവൈസറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സഹായിയായ യുവാവ് അറസ്റ്റിൽ. ആനച്ചാൽ ചെങ്കുളം സ്വദേശി തോപ്പിൽ ബെന്നിയെ(59)​ യാണ് പള്ളനാട്ടെ അടയ്ക്കാ തോട്ടത്തിന് സമീപത്തെ കെട്ടിടത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബെന്നിയുടെ സഹായിയായ മാനസിക വെല്ലുവിളി നേരിടുന്ന കാന്തല്ലൂർ ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ (21)​ പൊലീസ് അറസ്റ്റ് ചെയ്തു. ബെന്നിയെ വെട്ടിക്കൊന്നത് താനാണെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് മറയൂർ പള്ളനാട് കല്ലറയ്ക്കൽ എസ്റ്റേറ്റിൽ കൊലപാതകം നടന്നത്. വ്യാഴാഴ്ച രാവിലെയെത്തിയ തൊഴിലാളികളാണ് ബെന്നിയെ മരിച്ച നിലയിൽ കണ്ടത്. വടി കൊണ്ട് അടിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കുപ്പിക്ക് കുത്തിയുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ബെന്നിയ്ക്കൊപ്പം മൂന്ന് ദിവസമായി യദുകൃഷ്ണനുമുണ്ടായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് സൂചന. ബെന്നി ദീർഘകാലമായി പള്ളനാട്ടെ അടയ്ക്കാ തോട്ടത്തിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു. നേരത്തെയുണ്ടായ അപകടത്തിൽ ബെന്നിയുടെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഭിന്നശേഷിക്കാരുടെ സംഘടനായ ഡി.എ.ഡബ്ല്യു.എഫിന്റെ ജില്ലാ കമ്മറ്റി അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു.

ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം മറയൂർ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സി.ഐ പി.ടി. ബിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

യദുകൃഷണനും സഹോദരങ്ങളും മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ്. ഇവരുടെചികിത്സക്ക് സാമ്പത്തിക സഹായങ്ങൾ എത്തിച്ച് നൽകിയത് ബെന്നിമാത്യു ആയിരുന്നു.