തൊടുപുഴ: തുടർ സമരങ്ങളും ഹർത്താലുകളും കൊവിഡിൽ നിന്ന് കരകയറി വരുന്ന ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിലെ കൊവിഡ് ലോക്ക് ഡൗൺ മൂലമുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് മെല്ലെ കരകയറുമ്പോഴാണ് തുടർ സമരങ്ങളും ഹർത്താലുമെത്തുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് ഹർത്താലാണ് ജില്ലയിലുണ്ടായത്. അതും കേരളത്തിൽ മറ്റെങ്ങുമില്ലാതെ ജില്ലയിൽ മാത്രം.അതിനൊപ്പമാണ് തുടർച്ചയായ സമരങ്ങളും ലാത്തിച്ചാർജ്ജും അക്രമ സംഭവങ്ങളും. ഇതോടെ പല ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും ബുക്കിംഗ് കഴിഞ്ഞ ദിവസങ്ങളിൽ ട്രാവൽ ഏജൻസികൾ റദ്ദു ചെയ്തു. ടൂറിസം കേന്ദ്രങ്ങളിലേക്ക് അന്വേഷണങ്ങളും കുറഞ്ഞു. ഇതെല്ലാം അടുത്ത മാസങ്ങളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.

ഇപ്പോൾ മൺസൂൺ ടൂറിസത്തിന്റെ സമയമായതിനാൽ മെല്ലെ ഉണർന്നു വരികയായിരുന്നു മേഖല. കഴിഞ്ഞ മൂന്ന് മാസമായി ഉത്തരേന്ത്യൻ സ്വദേശികളും വിദേശികളും ധാരാളമെത്തി തുടങ്ങിയിരുന്നു. ഇതിനിടെയാണ് പുതിയ പ്രതിസന്ധി. കാലവർഷം ശക്തമാകുന്നതോടെ ഇനി ഉടൻ വിനോദ സഞ്ചാര മേഖലയിൽ ഉണർവുണ്ടാകാനുള്ള സാദ്ധ്യത വിരളമാണ്. നിലവിലെ സ്ഥിതി ശാന്തമാകുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്‌തെങ്കിൽ മാത്രമേ ഇനി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയുള്ളൂ. വൻതുക വാടകയും വൈദ്യുതി ചാർജും മറ്റും നൽകി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നിലനില്പ് തന്നെ പരുങ്ങലിലാകും. ഇത്തരം ഹർത്താലുകൾ ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശങ്ക.

''തുടർച്ചയായ രണ്ട് ഹർത്താലുകൊണ്ട് കൊണ്ട് കോടികളുടെ നഷ്ടമാണ് ജില്ലയിലെ ടൂറിസം മേഖലയിലുണ്ടായത്. വഴിയോരക്കച്ചവടക്കാർ, ട്രക്കിംഗ്, ആന സഫാരി തുടങ്ങി മേഖലയെ ആശ്രയിച്ച് ജോലി ചെയ്യുന്ന അമ്പതിനാരായിരത്തിലേറെ പേർ ജില്ലയിലുണ്ട്. ഇവരെല്ലാം വലിയ ബുദ്ധിമുട്ടിലാണ്. അതിനാൽ ഇനിയെങ്കിലും ഹർത്താലിൽ നിന്ന് വിനോദസഞ്ചാര മേഖലയെ ഒഴിവാക്കണം."

- വിനായകൻ (ജില്ലാ സെക്രട്ടറി, കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി)

ആശ്രയിക്കുന്നത് ആയിരങ്ങൾ

ടൂറിസം മേഖലയെ മാത്രം ആശ്രയിച്ച് നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് കുടുംബങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളിൽ കഴിയുന്നത്. മാസങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് കൊവിഡ് ശമിച്ചതിനെ തുടർന്ന് ടൂറിസം മേഖലയിലെ നിയന്ത്രണം സർക്കാരും ജില്ലാ ഭരണകൂടവും ഒഴിവാക്കിയത്. തുടർന്ന് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിംഗ് ആരംഭിക്കുകയും സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ എത്തിതുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ തുടർച്ചയായ ഹർത്താലിനോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പലതും വീണ്ടും പ്രതിസന്ധിയിലായി. ടൂറിസ്റ്റ് ബസുകളുടെയും ടാക്‌സി ഉടമകളുടെയും ഗൈഡുകളുടെയും മറ്റും സ്ഥിതി വ്യത്യസ്തമല്ല.