കട്ടപ്പന: ലൈഫ് മിഷന്‍ വീട് നിര്‍മാണം തടസപ്പെടുത്തിയ വനംവകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിമലയിലെ ഗുണഭോക്താക്കള്‍ ഇന്നു മുതല്‍ 48 മണിക്കൂര്‍ കാഞ്ചിയാര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും. ഇന്ന് രാവിലെ 10മുതലാണ് ധര്‍ണ. കാഞ്ചിയാര്‍ പഞ്ചായത്തിലെ കോഴിമല പ്രദേശത്ത് താമസിക്കുന്ന ഗുണഭോക്താക്കളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. 60 വര്‍ഷത്തിലേറെയായി സ്ഥിരതാമസക്കാരായ പ്രദേശവാസികള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മാണം വനം വകുപ്പ് തടസപ്പെടുത്തിയെന്ന് പ്രദേശവാസികളായ നന്ദിനി സോമന്‍, കമലമ്മ അപ്പച്ചന്‍, പി.ആര്‍. വിലാസിനി എന്നിവര്‍ പറഞ്ഞു.