deen
ഡിജിറ്റൽ ബാങ്കിങ് ഇടുക്കി ക്യാമ്പെയിന്റെ ലോഗോ പ്രകാശനം ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കുന്നു.

ഇടുക്കി: ജില്ലയിലെ ബാങ്കിങ് ഇടപാടുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ ഡീൻ കുര്യാക്കോസ് എംപി ലോഗോ പ്രകാശനം നിർവഹിച്ചു.. ഡിജിറ്റൽ പണമിടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും കൈവരിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം നടത്തുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചത്. ജനപ്രതിനിധികളുടെയും റിസർവ് ബാങ്കിന്റെയും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെയും നബാർഡിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ, ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ബാങ്കുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
സംസ്ഥാന സർക്കാർ ഇടപാടുകൾ ഓഗസ്റ്റ് 15 ഓടെ സമ്പൂർണമായും ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായാണ് ബാങ്കുകളും ഇടപാടുകൾ നൂറ് ശതമാനംഡിജിറ്റലാക്കാൻ ഉദ്ദേശിക്കുന്നത്.. എ ടി എം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യു പി ഐ, ഭീം ക്യൂആർ കോഡ്, എ ഇ പി എസ്, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യു പി ഐ 123 പേ തുടങ്ങിയ ഏതെങ്കിലും ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് കറൻസി രഹിത ഇടപാടുകളിലേക്കു ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ വിഭാഗം ജനങ്ങളെയും സുരക്ഷിതമായി ഡിജിറ്റൽ ബാങ്ക് മാദ്ധ്യമങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നതിനു പഞ്ചായത്തു തോറും ലീഡ് ബാങ്കിന്റെയും സർക്കാർ വകുപ്പുകളുടെയും മേൽനോട്ടത്തിൽ സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാക്കളുടെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ ബാങ്കുകൾ സംഘടിപ്പിക്കും.