തൊടുപുഴ: ചിന്നാർ ജലവൈദ്യുത പദ്ധതിയുടെ രണ്ടാംഘട്ട നിർമാണോദ്ഘാടനം 20ന് നടക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.വി. ഹരിദാസ്, പ്രൊജക്ട് മാനേജർ പ്രദീപ് എസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിന്നാർ ജലവൈദ്യുത പദ്ധതിയുടെ ഒന്നാംഘട്ട നിർമാണോദ്ഘാടനം 2018 മാർച്ചിൽ അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയാണ് നിർവഹിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നുമില്ലാതെ വർഷം മുഴുവൻ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നതാണ് ചിന്നാർ പദ്ധതിയുടെ സവിശേഷത. മങ്കുവയിൽ നിർമിക്കുന്ന 150 മീറ്റർ നീളവും ഒമ്പത് മീറ്റർ ഉയരവുമുള്ള ഗേറ്റില്ലാത്ത കോൺക്രീറ്റ് തടയണ, 3,200 മീറ്റർ നീളവും കോൺക്രീറ്റ് ലൈനിങ്ങോടെ 3.9 മീറ്റർ വ്യാസമുള്ള ടണൽ, പനംകുട്ടിയിൽ നിർമിക്കുന്ന പവർഹൗസ്, പവർ ഹൗസിലേക്ക് വെള്ളമെത്തിക്കാനുള്ള 550 മീറ്റർ നീളവും മൂന്നു മീറ്റർ വ്യാസവുമുള്ള പെൻസ്റ്റോക്ക് എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ. ഇതിൽ ടണൽ ഡ്രൈവിംഗ്, സർജ് ഷാഫ്‌റ്റ് എന്നിവയുടെ നിർമ്മാണം പൂർത്തിയായി. തടയണയുടെ നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. വൈകിട്ട് 3.30ന് പനംകുട്ടി സെന്റ് ജോസഫ് യു.പി സ്‌കൂളിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, എം.എം. മണി എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബാ ജോർജ്, കെ.എസ്.ഇ.ബി സി.എം.ഡി ഡോ. ബി അശോക്, ഡയറക്ടർമാരായ ജി. രാധാകൃഷ്ണൻ, സിജി ജോസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

76.45 ദശലക്ഷം യൂണിറ്റ് വൈദ്യുതി നേട്ടം

24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതി പൂർത്തിയാകുമ്പോൾ സംസ്ഥാനത്തിന് 76.45 ദശലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കാൻ കഴിയും. കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റെ പ്രധാന പോഷക നദികളിൽ ഒന്നായ പെരിഞ്ചാംകുട്ടി പുഴയിലാണ് പദ്ധതിയുടെ കോൺക്രീറ്റ് ഡാം. അവിടെ നിന്ന് ടണൽ വഴി വെള്ളം പനംകൂട്ടിയിലെ പവർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉത്പാദനം. പദ്ധതിക്കായി 16 ഹെക്ടർ സ്ഥലമാണ് ഏറ്റെടുത്തത്.