നെടുങ്കണ്ടം: വായന ദിനത്തോടനുബന്ധിച്ച് നെടുങ്കണ്ടം പഞ്ചായത്ത് യു.പി.സ്‌കൂളിന്റെ പുതുക്കിയ വായനശാലയുടെയും വായന മുറിയുടെയും ഉദ്ഘാടനവും പുസ്തകവണ്ടി പ്രയാണവും ഞായറാഴ്ച നടക്കും.കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദേശവാസികൾക്കും ഉപയോഗിക്കാൻ അവസരം നൽകുന്ന രീതിയിലാണ് വായനശാല ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂൾ ദിവസങ്ങളിൽ വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ രക്ഷിതാക്കൾക്ക് വായനശാല ഉപയോഗിക്കാം. നിലവിൽ നാലായിരത്തോളം പുസ്തകങ്ങളാണ് സ്‌കൂൾ വായനശാലയിൽ ഉള്ളത്. രാവിലെ 10ന് വായനശാലയുടെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.നിർവഹിക്കും. എസ്.എം.സി.ചെയർമാൻ ധനേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. വായന മുറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ നിർവഹിക്കും. പുസ്തക സമാഹരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ ഉദ്ഘാടനം ചെയ്യും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സുരേഷ്‌കുമാർ വായനാദിന സന്ദേശം നൽകും. നെടുങ്കണ്ടം പഞ്ചായത്തംഗങ്ങൾ ചേർന്ന് പുസ്തകവണ്ടി ഫ്‌ളാഗോഫ് ചെയ്യും.സ്‌കൂൾ പ്രഥമാദ്ധ്യാപകൻ സിബി പോൾ, എസ്.എം.സി.ചെയർമാൻ ധനേഷ് കുമാർ, അധ്യാപകരായ ദിപു പ്രഭാകരൻ, ജൂലി അമ്മാനുവേൽ, ഷൈനി ജോസഫ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.